ചുരുളി സിനിമയ്ക്കെതിരായ ഹര്‍ജിയില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, കേന്ദ്ര സെന്‍സര്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കണ്ടെത്തി. ഹര്‍ജി കോടതി വിശദവാദത്തിനായി മാറ്റി.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷക നല്‍കിയ ഹര്‍ജിയിലാണ് സംവിധായകനും ചിത്രത്തിലെ നായക നടന്മാര്‍ക്കുമടക്കം ഹൈക്കോടതി നോട്ടീസ് അയച്ചത്. എതിര്‍കക്ഷിയായ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ അനുമതി നല്‍കിയ പതിപ്പല്ല ഒ.ടി.ടി. പ്ലാറ്റ്ഫോമിലടക്കം പ്രദര്‍ശിപ്പിച്ചതെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു.

ചിത്രത്തിലെ ഭാഷാപ്രയോഗം സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന തരത്തിലാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ചിത്രം ഒ.ടി.ടിയില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചുരുളിയില്‍ അതിരു കടന്ന രീതിയില്‍ അസഭ്യ വാക്കുകള്‍ പ്രയോഗിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിനിടെയാണ് വിഷയം കോടതിയിലുമെത്തിയത്. ഹര്‍ജി ഹൈക്കോടതി വിശദവാദത്തിനായി വീണ്ടും പരിഗണിക്കും.

രാജ്യാന്തര മേളകളില്‍ തന്നെ ശ്രദ്ധനേടിയ ‘ചുരുളി’ അടുത്തിടെയാണ് സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തില്‍ പ്രധാന പ്രശ്നമായി ഉയര്‍ത്തിയ തെറിവിളി നൂലാമാലകള്‍ സൃഷ്ടിച്ചിരുന്നു. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ്. ഹരീഷാണ്. സിനിമയിലെ അസഭ്യ വാക്കുകള്‍ മാത്രം കാട്ടിക്കൊണ്ട് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചിത്രം ചര്‍ച്ചയായി മാറിയിരുന്നു. വിഷയം കൂടുതല്‍ രൂക്ഷമായതോടെ സെന്‍സര്‍ ബോര്‍ഡ് വിശദീകരണവുമായി രംഗത്തുവന്നിരുന്നു.

സിനിമറ്റോഗ്രാഫ് ആക്‌ട് 1952, സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് 1983 കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പ്രകാരം സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച്‌ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ‘ചുരുളി’ക്കു നല്‍കിയത്. എന്നാല്‍ മാറ്റങ്ങള്‍ വരുത്താതെ സിനിമ ഒടിടിയിലൂടെയാണ് പുറത്തുവന്നതെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക