തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 50,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയുടേതാണു വിധി. നെയ്യാറ്റിൻകര കുന്നത്തുകാൽ സ്വദേശി രാജനെ (40)യാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം.

2016 ഫെബ്രുവരി 27നാണു കേസിനാസ്പദമായ സംഭവം നടന്നത്. അസുഖ ബാധിതനായ കുട്ടി മൂത്രം ഒഴിക്കാൻ ശുചിമുറിയിൽ കയറിയപ്പോൾ പ്രതി പിന്നാലെ പോയി പീഡിപ്പിക്കുകയായിരുന്നു. മകനെ കാണാത്തതിനെ തുടർന്നുണ്ടായ തിരച്ചിലിനിടയിൽ ശുചിമുറി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്നു പരിശോധിച്ചപ്പോഴാണു പ്രതി മകനെ പീഡിപ്പിക്കുന്നത് കണ്ടത്. അമ്മ ബഹളംവച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയും അമ്മയും വിസ്താര വേളയിൽ പ്രതിയ്ക്കെതിരായി മൊഴി നൽകി. പ്രതി ഓടി രക്ഷപ്പെടുന്നതു കണ്ട നാട്ടുകാരും മൊഴി നൽകി. കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നു കോടതി വിധിന്യായത്തിൽ പറഞ്ഞു. പീഡിപ്പിക്കുന്നത് എതിർക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞിട്ടാണു പ്രതി ഈ ഹീനകൃത്യം നടത്തിയത്. ഈ സംഭവം കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണു ശിക്ഷയെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. തമ്പാനൂർ എസ്ഐയായിരുന്ന എസ്.പി.പ്രകാശാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പിഴ തുക കുട്ടിക്കു നൽകണമെന്നു വിധിയിൽ പറയുന്നുണ്ട്. പ്രതി ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽ കുറച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക