ഡല്‍ഹി: പിതാക്കന്മാരുടെ തണലില്‍ കോണ്‍ഗ്രസിലെത്തുകയും പദവികള്‍ ആസ്വദിക്കുകയും ചെയ്ത ശേഷം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് പുതിയ ലാവണങ്ങള്‍ തേടിപോകുന്നവരുടെ കൂട്ടത്തിലെ പുതിയ നേതാവാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്ന എഐസിസി മുന്‍ ജനറല്‍ സെക്രട്ടറി ജിതിന്‍ പ്രസാദ. കോണ്‍ഗ്രസില്‍ തിരുത്തല്‍ ശക്തിയായി മാറിയ ജി-23 ടീമില്‍ നിന്നും പാര്‍ട്ടിക്കു പുറത്തുപോകുന്ന ആദ്യ നേതാവും കൂടിയാണ് ജിതിന്‍. ബംഗാളിന്‍റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ജിതിന്‍ പ്രസാദ ഇപ്പോള്‍ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയില്‍ താഴെത്തട്ടില്‍ അധ്വാനിക്കാതെ പിതാക്കന്മാരുടെ തണലിലും നേതാക്കന്മാരുമായുള്ള സൗഹൃദത്തിന്‍റെ പേരിലും പാര്‍ട്ടിയില്‍ വളര്‍ന്ന് അധികാര പദവികള്‍ ആസ്വദിച്ച്‌ പാര്‍ട്ടിയെ വഞ്ചിച്ച്‌ മടങ്ങുന്നവരുടെ കൂട്ടത്തില്‍ ജിതിനും കണ്ണിയായി.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ജിതേന്ദ്ര പ്രസാദിന്‍റെ മകനായിരുന്ന ജിതിന്‍ കോണ്‍ഗ്രസിലെത്തിയത് 2001 -ലാണ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിട്ടായിരുന്നു പാര്‍ട്ടി പ്രവേശനം. ഡൂണ്‍ സ്കൂളില്‍ രാഹുല്‍ ഗാന്ധിയുടെ ജൂണിയറായിരുന്നതിനാല്‍ രാഹുലുമായി ഉറച്ച സൗഹൃദമായിരുന്നു. ഇതോടെ രാഹുലിന്‍റെ അനുചര വൃന്ദത്തില്‍ അംഗവുമായി. തൊട്ടുപിന്നാലെ 2004 -ല്‍ യുപിയിലെ ദൗരാറ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ രാഹുല്‍ ഇയാളെ സ്ഥാനാര്‍ഥിയാക്കി. വിജയിച്ചു വന്ന ഉടന്‍ ആദ്യ യുപിഎ സര്‍ക്കാരില്‍ തന്നെ കന്നി വിജയത്തില്‍ കേന്ദ്ര സഹമന്ത്രി. 2009 -ലും രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രി. അങ്ങനെ 41 വയസിനിടയില്‍ 10 വര്‍ഷം കേന്ദ്ര സഹമന്ത്രിയായിരുന്ന് കോണ്‍ഗ്രസിന്‍റെ എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ചു. അതിനു ശേഷമാണ് രാഹുലിന്‍റെ വിശ്വസ്തനായി എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുലിന്‍റെ സൗഹൃദ വൃന്ദത്തില്‍ നിന്നും ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ പാര്‍ട്ടി മാറിയിരുന്നു. രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റ് രണ്ട് വര്‍ഷം മുമ്ബ് പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുറത്തുപോയെങ്കിലും എങ്ങും ചേരാതെ വീണ്ടും മടങ്ങി വന്നു. എങ്കിലും ഇപ്പോഴും സച്ചിന്‍റെ അവസ്ഥ സുരക്ഷിതമല്ല. ഇവരെല്ലാം പാര്‍ട്ടിക്കുവേണ്ടി അധ്വാനിക്കാതെ പിതാക്കന്മാര്‍ മുന്‍ നേതാക്കന്മാരായിരുന്നുവെന്നതിന്‍റെ പേരില്‍ പാര്‍ട്ടിയുടെ സൗഭാഗ്യങ്ങള്‍ അനുഭവിച്ചവരാണ്. ജിതിന്‍റെ പിതാവ് ജിതേന്ദ്ര പ്രസാദ് 1999 -ല്‍ സോണിയാ ഗാന്ധിക്കെതിരെ പാര്‍ട്ടിയില്‍ വിമത ശബ്ദം ഉയര്‍ത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക