തിരുവനന്തപുരം: പരാതിയുമായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടെങ്കിലും, പാര്‍ട്ടി പുന:സംഘടനയടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ ആവര്‍ത്തിച്ച്‌ ഹൈക്കമാന്‍ഡ്. ഇന്നലെ തിരുവനന്തപുരത്തെത്തിയ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെ.പി.സി.സി പ്രസിഡന്റുമായി ആശയവിനിമയം നടത്തി.

മുതിര്‍ന്ന നേതാക്കളെ പരമാവധി അനുനയിപ്പിച്ച്‌ മുന്നോട്ട് പോകണമെന്ന് താരിഖ് ഓര്‍മ്മിപ്പിച്ചതായാണ് സൂചന. എന്നാല്‍, സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുതിയ നേതൃത്വം നടത്തുന്ന ഇടപെടലുകളെ ഹൈക്കമാന്‍ഡ് തടസ്സപ്പെടുത്തില്ല. അച്ചടക്കനടപടികള്‍ പാര്‍ട്ടി ഭരണഘടന അനുശാസിക്കുന്ന വിധത്തിലാകണമെന്നും, അതിനായി സമിതി വേണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അച്ചടക്ക സമിതി രൂപീകരണമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകവേ, ഇതില്‍ കാര്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഹൈക്കമാന്‍ഡും ഇതാണ് മുഖവിലയ്ക്കെടുത്തത്. കെ.പി.സി.സി, ഡി.സി.സി തലങ്ങളില്‍ അച്ചടക്ക സമിതികള്‍ വൈകാതെ നിലവില്‍ വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണം അടുത്ത വര്‍ഷം മാര്‍ച്ച്‌ 22ന് പൂര്‍ത്തിയാവും. അതുവരെ പുന:സംഘടന തുടരാമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. . ഈ സാഹചര്യത്തില്‍, പുന:സംഘടനയ്ക്കെതിരായ എ, ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം ഫലം കാണില്ലെന്നുറപ്പായി. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരാണ് സംസ്ഥാന പാര്‍ട്ടിയിലെ പൊതുവികാരമെന്നാണ് ഹൈക്കമാന്‍ഡിന്റെയും വിലയിരുത്തല്‍. താരിഖ് അന്‍വര്‍ ഇന്നുച്ചയോടെ ഡല്‍ഹിക്ക് മടങ്ങും. കെ. സുധാകരനും ഇന്ന് കണ്ണൂരിലേക്ക് പോകും.

പുന:സംഘടന നടക്കും: താരിഖ് അന്‍വര്‍

കോണ്‍ഗ്രസ് പുന:സംഘടന വേണ്ടിവന്നാല്‍ നടക്കുമെന്ന് താരിഖ് അന്‍വര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയകാര്യ സമിതിയും തുടരും. പാര്‍ട്ടിയുടെ ഉപദേശകസമിതിയെന്ന റോളിലാവും രാഷ്ട്രീയകാര്യ സമിതി പ്രവര്‍ത്തിക്കുക. മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുമെങ്കിലും, അവരുടെ എല്ലാ ആവശ്യങ്ങളും നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക