ദില്ലി: കെ പി സി സി പുനഃസംഘടന സംബന്ധിച്ച അന്തിമ പ്രഖ്യാപനം നാളെ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഹൈക്കമാന്റുമായി അന്തിമ ഘട്ട ചര്‍ച്ചയ്ക്കായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ദില്ലിയില്‍ എത്തിയിരുന്നുവെങ്കിലും ചില പേരുകളെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചര്‍ച്ച വഴി മുട്ടിയിരുന്നു. ഇതോടെ ഇരു നേതാക്കളും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ തര്‍ക്കങ്ങളെല്ലാം പരിഹരിച്ച്‌ പട്ടിക ഹൈക്കമാന്റിന് കൈമാറിയതായാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്.

250 ഓളം വരുന്ന ജംബോ പട്ടിക വെട്ടിക്കുറച്ച്‌ 51 പേരുടെ ഭാരവാഹി പട്ടികയാണ് നേതൃത്വം പ്രഖ്യാപിക്കാനൊരുങ്ങുന്നത്. നേതാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക മാനദണ്ഡങ്ങളും നേതൃത്വം തയ്യാറാക്കിയിരുന്നു. മുന്‍ ഡി സി സി അധ്യക്ഷന്‍മാര്‍, ഭാരവാഹികളായി ഇരുന്നവര്‍ എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നായിരുന്നു തിരുമാനം. മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നും തിരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി അന്തിമ സാധ്യത പട്ടിക തയ്യാറാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പട്ടികയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന ആക്ഷേപമായിരുന്നു ഗ്രൂപ്പ് നേതാക്കള്‍ ഉയര്‍ത്തിയത്. മുന്‍ തൃശ്ശൂര്‍ ഡി സി സി അധ്യക്ഷന്‍ എം പി വിന്‍സെന്റ്, കോഴിക്കോട് അധ്യക്ഷന്‍ രാജീവന്‍ മാസ്റ്റര്‍ എന്നിവരുടെ പേരുകള്‍ക്കെതിരെയായിരുന്നു എതിര്‍പ്പുയര്‍ന്നത്. മുന്‍ ഭാരവാഹികളെ നിയമിക്കില്ലെന്ന മാനദണ്ഡം പിന്നെ എന്തിന് വേണ്ടിയാണ് ഉണ്ടാക്കിയതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം.

എന്നാല്‍ വിന്‍സെന്റും രാജീവും ഒരു വര്‍ഷം മാത്രമേ അധ്യക്ഷ പദത്തില്‍ ഇരിക്കാനിട്ടുള്ളൂവെന്നാണ് കെ പി സി സി നേതൃത്വം വിശദീകരിക്കുന്നത്. ഡി സി സി അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണയെ പരിഗണിക്കുന്നതിലും പദ്മജ വേണുഗോപാലിനെ നിയമിക്കുന്നതിലും ഗ്രൂപ്പ് നേതാക്കള്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ വനിതാ പ്രാതിനിധ്യം എന്ന ഹൈക്കമാന്റ് നിര്‍ദ്ദേശത്തിന്റ അടിസ്ഥാനത്തിലാണ് ഇരവരേയും പരിഗണിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

അതേസമയം തര്‍ക്കം മൂത്തതോടെ രാജീവന്‍ മാസ്റ്റര്‍, എം പി വിന്‍സന്‍റ് എന്നിവരുടെ പേരുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന‍്റിന് കൈമാറിയിരിക്കുന്നതെന്നാണ് വിവരം. ജാതി-മത-യുവ-വനിതാ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളതാണ് പട്ടികയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. എന്തായാലും നാളെ തന്നെ ഹൈക്കമാന്റ് പട്ടിക സംബന്ധിച്ച്‌ അന്തിമ തിരുമാനം കൈക്കൊണ്ടേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം പ്രഖ്യാപനം വന്നാലും കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. നേരത്തേ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ തര്‍ക്കം ഉടലെടുത്തതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കെ പി സി സി ഭാരവാഹികളെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ പരമാവധി തര്‍ക്കങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാനാകുമെന്നുയിരുന്നു കെ പി സി സി നേതൃത്വം പ്രതീക്ഷിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക