കോഴിക്കോട്: വീണ്ടും സ്വര്‍ണ്ണകടത്തിന് കേന്ദ്രമായി കരിപ്പൂര്‍. കടത്തുകാരെ കിട്ടാതായതോടെ വീണ്ടും വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണ്ണ കടത്തുകയാണ് മാഫിയാ സംഘങ്ങള്‍. എയര്‍ഹോസ്റ്റസ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 99 ലക്ഷം രൂപയുടെ സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയതോടെ ജീവനക്കാരും കസ്റ്റംസിന്റെ നിരീക്ഷണത്തിലാക്കുകയാണ്.

ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടെത്തിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയര്‍ഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി.ഷഹാന(30)യില്‍ നിന്നാണു സ്വര്‍ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 2.054 കിലോഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണു സ്വര്‍ണ മിശ്രിതം പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വര്‍ണം കുഴമ്ബുരൂപത്തിലാക്കി കടത്തിക്കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ്. അടുത്തിടെ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെല്ലാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയിരുന്നു.കണ്ടെത്താന്‍ എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞാണ് കള്ളക്കടത്ത് സംഘം സ്വര്‍ണം കുഴമ്ബുരൂപത്തിലാക്കി കൊണ്ടുവരുന്നത്. ഒളിപ്പിക്കാന്‍ എളുപ്പമാണ് എന്നതും ഇതിന് കൂടുതല്‍ സ്വീകാര്യതയേകുന്നു. ഇതിന് ജീവനക്കാരുടെ സഹായവും കിട്ടുന്നുവെന്നതാണ് കരിപ്പൂരിലെ അറസ്റ്റ് തെളിയിക്കുന്നത്.

കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ) കരിപ്പൂരിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 99 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്. മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ നിരീക്ഷിക്കാനും പരിശോധന കര്‍ശനമാക്കാനുമുള്ള തീരുമാനം.

അടിവസ്ത്രത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ഇതില്‍നിന്ന് 2,054 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. കാബിന്‍ ക്രൂ അറസ്റ്റിലായതായും കൂടുതല്‍ അന്വേഷണം നടക്കുമെന്നും കസ്റ്റംസ് അറിയിച്ചു. കരിപ്പൂരില്‍ സ്വര്‍ണക്കടത്തിന് കഴിഞ്ഞ ഒരു മാസത്തിനിടെ പിടിയിലാകുന്നത് രണ്ടാമത്തെ ക്രൂവാണ് ഇവര്‍. ഇതും കസ്റ്റംസിനെ ഞെട്ടിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 19ന് ഡി.ആര്‍.ഐ എയര്‍ഇന്ത്യ എക്സ്‌പ്രസിലെ കാബിന്‍ ക്രൂ പെരിന്തല്‍മണ്ണ സ്വദേശിയെ സ്വര്‍ണക്കടത്തിനിടെ പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എക്സ്‌പ്രസിലെ മറ്റൊരു ക്രൂ കൂടി അറസ്റ്റിലാകുന്നത്. ഡെപ്യൂട്ടി കമീഷണര്‍ എസ്.എസ്. ശ്രീജു, സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇന്‍സ്‌പെക്ടര്‍മാരായ എന്‍. റഹീസ്, കെ.കെ. പ്രിയ, ചേതന്‍ ഗുപ്ത, അര്‍ജുന്‍ കൃഷ്ണ, ഹെഡ് ഹവില്‍ദാര്‍മാരായ എസ്. ജമാലുദ്ദീന്‍, എ. വിശ്വരാജ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.

തുണി നിര്‍മ്മിത ബെല്‍റ്റ് അരയില്‍ കെട്ടി അതിനുള്ളിലാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിക്കുന്നതാണ് സാധാരണ പതിവ്. സാധാരണ ആഭരണങ്ങളായും സ്വര്‍ണക്കട്ടികളായും ബാഗേജിലും ശരീരത്തിലും മറ്റും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിരുന്നത്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെ സ്വര്‍ണക്കടത്ത് തുടര്‍ച്ചയായി പിടിക്കപ്പെടാനും തുടങ്ങി. അതുകൊണ്ടാണ് ഇപ്പോള്‍ മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തുന്നത്.

സ്വര്‍ണം പൊടി രൂപത്തിലോ ലായനി രൂപത്തിലോ ആക്കിയ ശേഷം തിരിച്ചറിയാന്‍ കഴിയാത്ത വിധം മറ്റ് വസ്തുക്കളുമായി കലര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം എക്‌സ്റേ പരിശോധനയിലോ, മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലോ കണ്ടെത്താന്‍ കഴിയില്ല. പലപ്പോഴും യാത്രക്കാരുടെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം സംശയമുള്ളവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമ്ബോഴാണ് ഇത്തരത്തില്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടാനാകുന്നത്. മിശ്രിതമാക്കി വ്യാപകമായി സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നുണ്ടെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക