ആലത്തൂര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തിയ തമിഴ്നാട്ടിലെ കുറുവ മോഷണസംഘത്തിലെ മൂന്നുപേരെ ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് പിടികൂടി. ശിവഗംഗ തിരുപ്പുവനം വണ്ടാനഗറില്‍ മാരിമുത്തു എന്ന അയ്യാര്‍ എട്ട് (50), കോഴിക്കോട് എടക്കര തലക്കുളത്തൂര്‍ അന്നശ്ശേരി വേട്ടോട്ടു കുന്നിന്മേല് മേത്തല്‍ പാണ്ഡ്യന് എന്ന തങ്കപാണ്ഡ്യന്‍ (47), തഞ്ചാവൂര്‍ ഭൂതല്ലൂര്‍ അഖിലാണ്ടേശ്വരി നഗറില്‍ പാണ്ഡ്യന് എന്ന ശെല്‍വി പാണ്ഡ്യന് (40) എന്നിവരാണ് പിടിയിലായത്.
ആഗസ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മുന്നേകാല്‍ പവന് സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഒക്ടോബര്‍ രണ്ടിന് വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്തും മോഷണശ്രമം നടത്തിയിരുന്നു. ഈ ഭാഗത്തുനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒക്ടോബര്‍ അഞ്ച്, ഏഴ് തീയതികളില്‍ കൊല്ലങ്കോട്ടും മോഷണശ്രമം നടത്തിയിരുന്നു. സംഘത്തെ പിടികൂടാന്‍ ജില്ല പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.
ഇവര്‍ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അന്വേഷണം.ഒരു സംഘം തമിഴ്നാട്ടിലെ കമ്ബം, തേനി കേന്ദ്രീകരിച്ചും മറ്റൊരു സംഘം ആനമല, മധുര, നാമക്കല്‍, തഞ്ചാവൂര്‍ കേന്ദ്രീകരിച്ചും മൂന്നാമത്തെ സംഘം കോഴിക്കോട് പേരാമ്ബ്ര ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തിയത്. മാരിമുത്തു, പാണ്ഡ്യന് എന്നിവരെ ആനമലയില്‍നിന്നും തങ്കപാണ്ഡ്യനെ കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.
ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടില്‍നിന്നും എട്ടിന് ലെക്കിടിയിലെ വീട്ടില്‍നിന്നും 12ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടില്‍നിന്നും മാലകള്‍ പൊട്ടിച്ചെടുത്തതായി പ്രതികള്‍ മൊഴി നല്കി. ജൂലൈ 30ന് കോഴിക്കോട് എലത്തൂരിലെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും ആഗസ്റ്റ് 31ന് വടക്കഞ്ചേരിയിലെ സ്ത്രീയുടെ മാലയും മോഷ്ടിച്ചു. ഒക്ടോബര്‍ രണ്ടിന് നെല്ലിയാംപാടം, അഞ്ചിന് നെന്മാറ എന്നിവിടങ്ങളില്‍നിന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു.ഏഴിന് കൊല്ലങ്കോട്ടെ വീട്ടില്‍നിന്ന് 1000 രൂപയും മോഷ്ടിച്ചതായി ഡിവൈ.എസ്.പി കെ.എം. ദേവസ്യ പറഞ്ഞു. മോഷണ മുതലുകള്‍ ഭൂരിഭാഗവും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. മാരിമുത്തുവിന്റ പേരില്‍ തമിഴ്നാട്ടില്‍ 30ഓളം കേസുകളും തങ്കപാണ്ഡ്യന്റ പേരില്‍ പത്തോളം കേസുകളുമുണ്ട്.
നെന്മാറ ഇന്‍സ്പെക്ടര്‍ ദീപകുമാര്‍, എസ്.ഐ നാരായണന്, വടക്കഞ്ചേരി ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്, എസ്.ഐ സുധീഷ് കുമാര്‍, എ.എസ്.ഐ ബിനോയ് മാത്യു, എസ്.സി.പി.ഒമാരായ സജീവന്, മാധവന്, ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ ജേക്കബ്, റഷീദലി, മറ്റംഗങ്ങളായ സാജിത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, വിനു, ശ്രീജിത്ത്, മനാഫ്, സാജു എന്നിവരാണ് അന്വേക്ഷണ സംഘത്തിലുണ്ടായിരുന്നത്.