തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ കെ പി സി സി ഭാരവാഹി പാട്ടിക എ ഐ സി സിക്ക് കൈമാറി കേരളത്തിലെ നേതൃത്വം. നേരത്തെ നിശ്ചയിച്ച മാനദണ്ഡ‍ങ്ങളില്‍ കാര്യമായ ഇളവ് നല്‍കാതൊണ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും ആലോചിച്ചാണു പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായും ചര്‍ച്ചകള്‍ നടന്നു. നേരത്തെ നിശ്ചയിച്ച്‌ മാനദണ്ഡങ്ങള്‍ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിലായിരുന്നു ഇവരുമായുള്ള ചര്‍ച്ച. മാനദണ്ഡങ്ങള്‍ മാറ്റേണ്ടതില്ലെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ നിലപാട്.

സ്ഥാനമൊഴിഞ്ഞ 13 ഡിസിസി പ്രസിഡന്റുമാരും നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനെതിരെ സ്ഥാനമൊഴിഞ്ഞ ഡി സി സി പ്രസിഡന്റുമാര്‍ വലിയ അതൃപ്തിയായിരുന്നു പ്രകടിപ്പിച്ചത്. വിഷയത്തില്‍ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നില്ലെന്ന നിലപാടില്‍ നേതൃത്വം ഉറച്ച്‌ നിന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ പ്രസിഡന്റ് , 3 വര്‍ക്കിങ് പ്രസിഡന്‍റ് മാര്‍ എന്നിവരെ എ ഐ സി സി നേരിട്ട് നിയമിച്ചിരുന്നു. ഇവര്‍ക്ക് പുറമെയാണ് 22 ഭാരവാഹികള്‍ കൂടി വരുന്നത്. ഇതോടെ ആകെ 26 ഭാരവാഹികള്‍ വരും. നേരത്തെ 23 ഭാരവാഹികളും 28 നിര്‍വാഹകസമിതി അംഗങ്ങളും എന്നതായിരുന്നു ധാരണ. പുതിയ ധാരണ പ്രകാരം നിര്‍വാഹക സമിതി അംഗങ്ങളുടെ എണ്ണം 28 ല്‍ നിന്നും 25 ആയി ചുരുങ്ങും.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എവി ഗോപിനാഥും പട്ടികയില്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. വൈസ് പ്രസിഡന്റായി തന്നെയാണ് ഗോപിനാഥിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞു. വിപി സജീന്ദ്രന്‍, കെ മോഹന്‍കുമാര്‍, പത്മജ വേണുഗോപാല്‍ അല്ലെങ്കില്‍ സുമ ബാലകൃഷ്ണന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാവും.

മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത് പത്മജ വേണുഗോപാലിന് മാത്രമാണ്. ദീര്‍ഘകാലം കെപിസിസി ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിലാണ് പത്മജ വേണുഗോപാലിന് ഇളവ് നല്‍കിയിരിക്കുന്നത്. പുതിയ പട്ടികയില്‍ പത്മജ വേണുഗോപാലിനെ വൈസ് പ്രസിഡന്റാക്കിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന്റെ കൂടി പരിഗണന വിഷയമാവും. കേന്ദ്രം ഇളവ് അനുവദിച്ചില്ലെങ്കില്‍ പത്മജയെ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്തും.

കെ സുധാകരന്‍ സമര്‍പ്പിച്ച്‌ കെ പി സി സി ഭാരവാഹി പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറും. നിലവില്‍ ബിഹാറിലുള്ള താരീഖ് അന്‍വര്‍ ഇന്ന് ഉച്ചയോടെ ദില്ലിയിലെത്തും. അതിന് ശേഷം സോണിയ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാലായിരിക്കും പട്ടിക പ്രഖ്യാപിക്കുക

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക