തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക സഹായത്തോടെ ടൂറിസം വകുപ്പ് പൂര്‍ത്തീകരിച്ച എയര്‍ഫോഴ്‌സ് മ്യൂസിയം നാടിന് സമര്‍പ്പിച്ചു. വ്യോമസേനയെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ആവിഷ്‌കരിച്ച 1.97 കോടി രൂപയുടെ ഫ്‌ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയം ഇന്ത്യന്‍ വ്യേമസേനയുടെ 89-ാമത് സ്ഥാപക ദിനത്തിലാണ് ഉദ്ഘാടനം ചെയ്തത്. ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയായ ഫ്‌ളൈറ്റ് സിമുലേറ്റര്‍ മ്യൂസിയത്തില്‍ രണ്ടു നിലകളാണുള്ളത്. വിമാനത്തിന്റെ കോക്പിറ്റ് മാതൃകയില്‍ സജ്ജീകരിച്ചിരിച്ചിട്ടുള്ള താഴത്തെ നിലയില്‍ സിമുലേറ്റര്‍, ടോയ്‌ലറ്റ് എന്നിവയാണുള്ളത്. മോട്ടിവേഷന്‍ കിയോസ്‌ക്, എയര്‍ഫോഴ്‌സിന്റെ ചരിത്രം, എയര്‍ഫോഴ്‌സിന്റെ യന്ത്രസാമഗ്രികളുടെയും മാതൃകകളുടെയും പ്രദര്‍ശനം എന്നിവയാണ് രണ്ടാമത്തെ നിലയിലുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ആദ്യഘട്ടത്തില്‍ ലാന്റ് സ്‌കേപ്പിംഗ്, വിമാന മാതൃകയിലുള്ള ഘടന എന്നിവയ്ക്കായി 98 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ മ്യൂസിയത്തിന്റെ ഉള്‍വശവും അനുബന്ധ പ്രവൃത്തികള്‍ക്കുമായി 99 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ച്‌ മനസ്സിലാക്കാന്‍ മ്യൂസിയം അവസരമൊരുക്കും. വിമാന മാതൃകയില്‍ രൂപകല്പന ചെയ്ത മ്യൂസിയവും ഫ്‌ളൈറ്റ് എന്‍ജിനും സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും. എയര്‍ഫോഴ്‌സ് മ്യൂസിയം ആക്കുളത്തിനും തിരുവനന്തപുരം ജില്ലയ്ക്കും മാത്രമല്ല, കേരള ടൂറിസത്തിനാകെ പ്രയോജനകരമാകുന്ന പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനൊപ്പം കേരളത്തിലെ യുവാക്കളെ വ്യോമസേനയില്‍ ചേരാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി മ്യൂസിയം സ്ഥാപിച്ചതിനു പിന്നിലുണ്ടെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സതേണ്‍ എയര്‍ കമാന്റ് എയര്‍ ഓഫീസര്‍ കമാന്റിംഗ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ ജെ.ചലപതി പറഞ്ഞു. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഫ്‌ളൈറ്റ് സിമുലേറ്റര്‍ യഥാര്‍ഥ അനുഭവം നല്‍കാന്‍ പോന്നതാണ്. എയര്‍ഫോഴ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ആശയം 2018 ല്‍ അവതരിപ്പിക്കപ്പെടുകയും 2019 ല്‍ പദ്ധതിക്ക് സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയും ചെയതു, അദ്ദേഹം പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഡെവലപ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമാണ് എയര്‍ഫോഴ്‌സ് മ്യൂസിയം. മ്യൂസിക്കല്‍ ഫൗണ്ടന്‍, കൃത്രിമ വെള്ളച്ചാട്ടത്തിന്റെ നവീകരണം, കോഫിഷോപ്പ്, സൈക്കിള്‍ ട്രാക്ക്, നീന്തല്‍ക്കുളം, കുട്ടികളുടെ പാര്‍ക്ക്, കായിക ഉപകരണങ്ങള്‍ എന്നിവയടങ്ങിയുന്ന പദ്ധതിക്ക് 9.34 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക