ചെന്നൈ : സഹപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത കേസില്‍ വ്യോമസേന ഉദ്യോഗസ്ഥനെ കോര്‍ട്ട് മാര്‍ഷല്‍ വിചാരണയ്ക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവ്. ഛത്തീസ് ഗഡ് സ്വദേശിയായ എയര്‍ഫോഴ്‌സ് ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹര്‍മുഖിനെ സൈനീക കോടതിക്ക് കൈമാറാനാണ് കോയമ്ബത്തൂര്‍ മഹിളാ കോടതി ഉത്തരവിട്ടത്. തമിഴ്‌നാട് പൊലീസും വ്യോമസേനയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് കോയമ്ബത്തൂര്‍ കോടതിയുടെ ഉത്തരവ്.

പരിശീലനത്തിനായി കോയമ്ബത്തൂര്‍ എയര്‍ഫോഴ്‌സ് കോളേജില്‍ എത്തിയതായിരുന്നു പരാതിക്കാരിയായ യുവതി. കോയമ്ബത്തൂരിലെ റെഡ്ഫീല്‍ഡ്‌സിലെ വ്യോമസേന അഡ്മിനിസ്‌ട്രേറ്റീവ് കോളേജിലെ തന്റെ മുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. സംഭവദിവസം വൈകീട്ട് കാലിന് പരിക്കേറ്റതിനാല്‍ വേദനസംഹാരി കഴിച്ച്‌ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു.അപ്പോള്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് മദ്യം നല്‍കുകയും അതു കുടിച്ചതിന് പിന്നാലെ തളര്‍ച്ച തോന്നുകയും ചെയ്തു. കൂട്ടുകാര്‍ തന്നെ റൂമിലാക്കി. പെട്ടെന്നു തന്നെ മയങ്ങിപ്പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ഉണര്‍ന്നപ്പോള്‍ മുറിയില്‍ അമിതേഷ് ഉണ്ടായിരുന്നു. അപ്പോള്‍ താന്‍ ബലാല്‍സംഗത്തിന് ഇരയായതായി മനസ്സിലാക്കിയെന്ന് യുവതി പരാതിയില്‍ പറയുന്നു.സംഭവം വ്യോമസേനയിലെ മേലധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായതെന്ന് യുവതി വ്യക്തമാക്കി. പരാതി പിന്‍വലിക്കാനും സമ്മര്‍ദ്ദമുണ്ടായി. അഞ്ചു ദിവസം കാത്തിരുന്നിട്ടും അമിതേഷിനെതിരെ ഒരന്വേഷണം പോലും ഉണ്ടായില്ല. ഇതോടെ മാനസികമായി തകര്‍ന്ന യുവതി, കോയമ്ബത്തൂര്‍ പൊലീസില്‍ പീഡന പരാതി നല്‍കുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 25 ന് പൊലീസ് അമിതേഷ് ഹര്‍മുഖിനെ അറസ്റ്റ് ചെയ്തു. 26 ന് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെ വ്യോമസേന കോടതിയില്‍ എതിര്‍ത്തു. പ്രതി സേനാംഗമായതിനാല്‍ കോര്‍ട്ട് മാര്‍ഷലിന് അനുമതി നല്‍കണമെന്ന് വ്യോമസേന കോടതില്‍ ആവശ്യപ്പെട്ടു. പ്രതിയെ ജയിലിലടക്കാന്‍ തമിഴ്‌നാട് പൊലീസിന് അനുമതിയില്ലെന്നും വ്യോമസേന കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കോയമ്ബത്തൂര്‍ മഹാളാ കോടതി ജഡ്ജി തിലഗേശ്വരി പ്രതിയെ സൈനിക വിചാരണക്കായി വ്യോമസേനക്ക് കൈമാറാന്‍ ഉത്തരവിട്ടത്.

അതിനിടെ, പരാതിക്കാരിയെ പരിശോധിച്ച വ്യോമസേന ആശുപത്രി ഡോക്ടറുടെ നടപടിക്കെതിരെ ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയുന്നതിനായി, രണ്ടുവിരല്‍ പരിശോധന നടത്തിയെന്ന യുവതിയുടെ ആരോപണം അന്വേഷിക്കാനാണ് വനിതാ കമ്മീഷന്‍ വ്യോമസേനാ മേധാവിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വ്യോമസേനാ മേധാവിക്ക് രേഖാമൂലം കത്തു നില്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക