വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നുവെന്ന് ബെന്നി ബെഹ്നാന്‍. മോന്‍സന്റേത് വെറും പണമിടപാട് കേസല്ല, അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പിലെ കണ്ണിയാണ്, കേന്ദ്ര ഏജന്‍സി സമഗ്രാന്വേഷണം നടത്തണമെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു.’കെപിസിസി പ്രസിഡണ്ട് അവിടെ പോയി എന്ന് അദ്ദേഹം സമ്മതിച്ചു. ചികിത്സയുമായി ബന്ധപ്പെട്ടാണ് പോയത്. എന്നാല്‍ പൊതു പ്രവര്‍ത്തകര്‍ കുറച്ച് കൂടി ജാഗ്രത പാലിക്കണം. കാരണം ഇയാള്‍ ഒരു ഡോക്ടര്‍ പോലും അല്ല. ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തിലേക്ക് പോകും. തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന വ്യക്തയല്ല. സുധാകരന്‍. എന്നാല്‍ പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം.’ ബെന്നി ബെഹ്നാന്‍ പ്രതികരിച്ചു.മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നേരത്തെ എറണാകുളം എംപി ഹൈബി ഈഡന്‍ രംഗത്തെത്തിയിരുന്നു. പൊതു പ്രവര്‍ത്തകര്‍ക്ക് ഫോട്ടോകളില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണം, ഒരു തവണ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിട്ടുണ്ട്. മോന്‍സണ്‍ ഭാരവാഹിയായ പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ വിളിച്ചത് പ്രകാരമാണ് ആ വീട്ടില്‍ പോയത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അതിന് ശേഷം മോന്‍സണ്‍ എന്നയാളെ കണ്ടിട്ടില്ലെന്നുമായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക