കൊച്ചി: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മോന്‍സന്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പ്രസ്താവിക്കും.രാവിലെ കോടതിയിലെത്തിക്കുന്നതിന് മുന്‍പ് നടത്തിയ വൈദ്യപരിശോധനയിലാണ് രക്തസമ്മര്‍ദ്ദം ഉയര്‍ന്നത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് ടെസ്റ്റും പൂര്‍ത്തിയാക്കി. അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം സാമ്ബത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖ ചമച്ചതായി കണ്ടെത്തി. എച്ച്‌എസ്ബിസി ബാങ്കിന്റെ പേരിലാണ് വ്യാജരേഖകള്‍ ചമച്ചത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇത്. ലണ്ടനില്‍ നിന്ന് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.എച്ച്‌എസ്ബിസി ബാങ്ക് ഇടപാടുകളുടെ രേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്ബോള്‍ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്. ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്.ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോന്‍സന്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി ഉത്തരവ് അടക്കം മോന്‍സന്‍ വ്യാജമായി നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജ രേഖകള്‍ മോന്‍സന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക