പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍. ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ പൊലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചതെന്നാണ് ഹരീഷിന്റെ പരിഹാസം.
ഹരീഷ് വാസുദേവന്റെ വാക്കുകള്‍:
”ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വില്‍ക്കാന്‍ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ആ ഇരിക്കുന്ന ലങ്ങേരാണല്ലോ ഒന്നൊന്നര വര്‍ഷം പോലീസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചത് എന്നോര്‍ക്കുമ്ബോ, Sreejan Balakrishnan പറഞ്ഞത് പോലെ, അയ്യേ…. ഈ പൊങ്ങന്‍ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാന്‍ കാത്തിരിക്കൂ..വാള്‍ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും….”
അതേസമയം, മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. എഡിജിപി മനോജ് എബ്രഹാമാണ് ഐജി ലക്ഷ്മണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അധികാര പരിധിയില്‍പെടാത്ത വിഷയത്തില്‍ ഇടപെട്ടെന്ന ആരോപണത്തിലാണ് എഡിജിപി വിശദീകരണം തേടിയത്. കേസില്‍ ഇടപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം.മോന്‍സന്‍ മാവുങ്കലിനെതിരെ ഉയര്‍ന്ന് സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ആക്ഷേപം.
മോന്‍സന്‍ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ത്തി ബിസിനസ് ഗ്രൂപ്പ് നല്‍കിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയ്ച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്. ഐജി ലക്ഷ്മണിന്റെ ഇടപെടലിന് പിന്നാലെ അന്നത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചേര്‍ത്തല സിഐയ്ക്ക് അന്വേഷണ ചുമതല നല്‍കി ഉത്തരവിറക്കി.
അന്വേഷണം മോന്‍സന്‍ മാവുങ്കല്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനാണ് നല്‍കിയത് എന്നും ആക്ഷേപമുണ്ട്. എന്നാല്‍ പണം നഷ്ടമായവരുടെ എതിര്‍പ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പരിഗണിക്കപ്പെട്ടതോടെ സിഐക്ക് നല്‍കിയ അന്വേഷണം തടയപ്പെടുകയും ചെയ്തിരുന്നു. ഈ ഇടപെടലിന് പിന്നാലെയാണ് പരാതിക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതും വിഷയം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ പരിധിയില്‍ എത്തിയതും.