പാലാ: പാലാ ബിഷപ്പിനെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്ന് മന്ത്രി വി.എന്‍.

വാസവന്‍. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടതിനാല്‍ അവര്‍ക്ക് എന്തും പറയാം. കോണ്‍ഗ്രസ് ഒരു തകര്‍ന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിഷപ്പുമായി വിവാദ വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെയും പാലം നിര്‍മാണത്തെ കുറിച്ചുമാണ് താന്‍ സംസാരിച്ചത്. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. സമവായചര്‍ച്ചയെ കുറിച്ച്‌ ആലോചിച്ചിട്ടില്ല. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ബിഷപ്പിനെ അറിയിക്കുകയും ചെയ്തെന്നും വാസവന്‍ വ്യക്തമാക്കി.

സഭയോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്തിയുള്ള പതിവ് സന്ദര്‍ശനമാണ് നടത്തിയത്. താന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പിതാവാണ് ജോസഫ് കല്ലറങ്ങാട്ട്. വലിയ പാണ്ഡിത്യമുള്ള ആളാണ്. അദ്ദേഹത്തിന്‍റെ പ്രസംഗം താന്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കാറുണ്ട്. ബൈബിള്‍, ഖുര്‍ആന്‍, ഭഗവത് ഗീത എന്നീ ഗ്രന്ഥങ്ങളെ കുറിച്ച്‌ നല്ല ധാരണയുള്ള വ്യക്തിയാണ്. ഔദ്യോഗിക ജോലിക്ക് ശേഷം രാത്രിയില്‍ വായനക്കായി ബിഷപ്പ് സമയം ചെലവഴിക്കാറുണ്ടെന്നും വാസവന്‍ പറഞ്ഞു.

പാലാ ബിഷപ്പിനൊപ്പം ഭക്ഷണം കഴിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രിയായ ശേഷം ബിഷപ്പിനെ കാണാന്‍ സാധിച്ചിരുന്നില്ല. സഭയുമായും ബിഷപ്പുമാരുമായും നല്ല ബന്ധമാണുള്ളത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ സഭയോ സര്‍ക്കാരോ ശ്രമിക്കുന്നില്ല. വിവാദങ്ങള്‍ക്ക് ശ്രമിക്കുന്നത് വര്‍ഗീയവാദികളും തീവ്രവാദികളുമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്രവാദത്തെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും വി.എന്‍ വാസവന്‍ ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക