മലപ്പുറം: കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികളുടെ വോട്ട്‌ ബാങ്കായ ക്രിസ്ത്യന്‍ സമൂഹത്തിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ട്‌ കെട്ടുന്നതിനുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ ആരംഭിച്ചതാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാസങ്ങള്‍ക്ക്‌ മുന്‍പ്‌ തന്നെ ബി ജെ പി – ആര്‍ എസ്‌ എസ്‌ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ചില ഉന്നത ക്രിസ്ത്യന്‍ പുരോഹിതരുമായി ചര്‍ച്ച നടത്തിയിരുന്നു. പുതിയ വിവാദത്തിന്റെ മറവില്‍ കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ പിന്തുണയുമായി സംഘപരിവാര്‍ എന്ന ആട്ടിന്‍ തോലിട്ട ചെന്നായ രംഗത്തെത്തും, അല്ല എത്തിക്കഴിഞ്ഞെന്നും ‘നാര്‍ക്കോട്ടിക്ക്‌ ജിഹാദ്‌, വിവാദത്തിന്റെ പിന്നാമ്ബുറം’- എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ പിവി അന്‍വര്‍ പറയുന്നു.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ഒരു ഉന്നത പുരോഹിതനു (റിട്ടയേര്‍ഡ്‌) അവര്‍ ഒരു ഉന്നത പദവിയും നല്‍കും. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി അദ്ദേഹത്തെ സംഘപരിവാര്‍ അവരോധിക്കും. അതിനുള്ള പച്ചക്കൊടി ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് നേരിട്ട്‌ തന്നെ എന്നേ ഉയര്‍ത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=390778042415094&id=100044487037393

സംഘപരിവാര്‍ അവരുടെ കഴിവിന്റെ പരമാവധി കേരളത്തില്‍ വര്‍ഗ്ഗീയത പരത്താന്‍ പയറ്റി നോക്കിയിട്ടുണ്ടെങ്കിലും അവര്‍ ആഗ്രഹിച്ച റിസള്‍റ്റ്‌ ഇതുവരെയും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളും അവരുടെ ചൊല്‍പ്പടിയില്‍ എത്തിയെങ്കിലും അവര്‍ക്ക്‌ പിടികൊടുക്കാത്ത ഒരു തുരുത്തായി കേരളം ഇന്നും നിലനില്‍ക്കുന്നു. ആകെയുണ്ടായൊരുന്ന ഒരു അക്കൗണ്ടും പൂട്ടികെട്ടപ്പെട്ടു.

സംഘപരിവാര്‍ അവരുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച്‌ വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിച്ചിട്ടും കേരളം കീഴടക്കാന്‍ കഴിയാതെ പോയതിന്റെ പിന്നില്‍ പല കാരണങ്ങളുമുണ്ട്‌. ഇതില്‍ ഏറ്റവും പ്രധാനം ഇടതുപക്ഷം മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച്‌ സ്വീകരിച്ച ശക്തമായ നിലപാടുകളാണ്. ആ നിലപാടിന് കേരളത്തിലെ പൊതുസമൂഹം നല്‍കിയ അംഗീകാരമാണ് ഇടതുപക്ഷം നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയം. ഭൂരിപക്ഷ വര്‍ഗ്ഗീയത ഉയര്‍ത്തി ഈ നാട്ടില്‍ ഇനി തങ്ങള്‍ക്ക്‌ നിലനില്‍പ്പില്ലെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അടുത്ത പടിയായി അവര്‍ അവരുടെ തുറുപ്പുചീട്ട്‌ കഴിഞ്ഞ ദിവസങ്ങളില്‍ കളത്തിലിറക്കിയിട്ടുണ്ട്‌. അതിനുള്ള ഉപകരണമായി ചില മതപുരോഹിതര്‍ തന്നെ സ്വയം മാറിയത്‌ ദൗര്‍ഭാഗ്യകരമാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം പൊതുവേ സമാധാനപൂര്‍ണ്ണമാണ്. മുസ്ലീം – ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ ഇന്ന് വരെ കാര്യമായ ഒരു സ്പര്‍ദ്ധ വളര്‍ന്നുവന്നിട്ടുമില്ല. ഈ മര്‍മ്മം നോക്കി കൃത്യമായി അടിക്കുകയെന്ന തന്ത്രമാണ് സംഘപരിവാര്‍ നിര്‍ദ്ദേശപ്രകാരം ഇന്ന് നടപ്പിലായികൊണ്ടിരിക്കുന്നത്‌.

അതില്‍ ഒരു പരിധി വരെ അവര്‍ വിജയം കണ്ടിട്ടുമുണ്ട്‌.പാലാ ബിഷപ്പ്‌ ഹൗസിന്റെ മുന്നില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും ഐക്യദാര്‍ഢ്യ പ്രകടനങ്ങളും വിരല്‍ ചൂണ്ടുന്നത്‌ ഈ സാധ്യതയിലേക്കാണ്. കാര്യമറിയാത്ത പലരും രണ്ട്‌ ഭാഗങ്ങളിലുമായി അണിചേരുന്നു. നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം കലുക്ഷിതമാക്കാനുള്ള ശ്രമങ്ങളില്‍ അറിയാതെ ഭാഗമാക്കപ്പെടുന്നു. നാര്‍ക്കോട്ടിക്ക്‌ വിവാദത്തിന്റെ മറവില്‍ പക്ഷം പിടിച്ച്‌ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര്‍ ശ്രമം ഏവരും തിരിച്ചറിയണമെന്നും പിവി അന്‍വര്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക