തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ വിതരണം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതനുസരിച്ച്‌ 2,15,72,491 പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 79,90,200 പേര്‍ക്ക്, അതായത് 27.84% പേര്‍ക്ക്, രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആകെ 2,95,62,691 ഡോസ് വാക്സിനാണ് ഇതുവരെ നല്‍കിയത്.

മൊത്തം ജനസംഖ്യയെടുത്താല്‍ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് വാക്സിന്‍ ലഭിച്ചവരുടെ അനുപാതം. നമ്മുടെ വാക്സിനേഷന്‍ ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയിലെ വാക്സിനേഷന്‍ ഒന്നാം ഡോസ് 40.08 ശതമാനവും (52,10,15,869) രണ്ടാം ഡോസ് 12.06 ശതമാനവുമാണ് (15,67,29,100). സംസ്ഥാനം നടത്തിയ വളരെ ഊര്‍ജ്ജിതമായ വാക്സിനേഷന്‍ യജ്ഞത്തിലൂടെയാണ് വളരെ കുറഞ്ഞ നാളുകള്‍ കൊണ്ട് ഈയൊരു ലക്ഷ്യം കൈവരിക്കാനായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരമാവധി പേര്‍ക്ക് എത്രയും വേഗം വാക്സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ മാത്രം 1.95 കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തില്‍ മാത്രം 88 ലക്ഷത്തിലധികം ഡോസ് വാക്സിനാണ് നല്‍കാനായത്. രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കി കേരളം മാതൃകയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവാകുന്നവരില്‍ വാക്സിനേഷന്‍ എടുത്തവരിലും കുറച്ചു പേര്‍ക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവര്‍ക്കിടയില്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷന്‍ എടുത്തവര്‍ക്കിടയില്‍ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവര്‍ക്കിടയിലാണ്. അതിനാല്‍ പ്രായമായവരില്‍ വാക്സിനേഷന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കണം. അതുപോലെത്തന്നെ അനുബന്ധരോഗങ്ങളുള്ളവരും വാക്സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുത്. മരണ നിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ അതു സഹായകമാകും.

60 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കാനായി പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. വാക്സിന്‍ രജിസ്റ്റര്‍ ചെയ്യാനറിയാത്തവരെ കൂടി ഉള്‍പ്പെടുത്തി വാക്സിന്‍ സമത്വത്തിനായി വേവ് (WAVE: Work Along For Vaccine Equity) ക്യാമ്ബയിനും ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃ കവചവും ആവിഷ്ക്കരിച്ച്‌ നടപ്പിലാക്കി. 18 വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും ഈ മാസം തന്നെ ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ നല്‍കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് വാക്സിന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് വാക്സിന്റെ കടുത്ത ക്ഷാമം നേരിടുകയാണ്. നാളെ 9,97,570 ഡോസ് വാക്സിന്‍ എത്തുമെന്നാണ് കേന്ദ്രം അറിയിപ്പ് തന്നിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക