തിരുവനന്തപുരം: രാത്രിസമയങ്ങളില്‍ ഫോണിലൂടെ ശല്യം ചെയ്തെന്നും ലൈംഗികചുവയോടെ പെരുമാറിയെന്നും ആരോപിച്ച്‌ അധ്യാപകനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി വിദ്യാര്‍ത്ഥികള്‍. തിരുവനന്തപുരം ചെമ്ബഴന്തി എസ്‌എന്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് രാജ്ഭവനിലെത്തി പരാതി നല്‍കിയത്. പരാതി നല്‍കിയ വിദ്യാര്‍ത്ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ അധ്യാപകനും എന്‍എസ്‌എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികളെ നിരന്തരം വാട്സ് ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്യുന്നുവെന്നും ചുംബന സ്മൈലികള്‍ അയക്കുന്നുവെന്നും അനാവശ്യമായി സംസാരിക്കുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കോളജില്‍ സംഘടിപ്പിച്ച ജന്‍ഡര്‍ സെന്‍സിറ്റിവിറ്റി ക്ലാസിന് ശേഷമാണ് പരാതിയുമായി കുട്ടികള്‍ രംഗത്തെത്തിയത്.ആദ്യം രണ്ട് വിദ്യാര്‍ത്ഥികളാണ് പരാതിപ്പെട്ടത്. കോളജ് മാനേജ്മെന്‍റിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇവര്‍ രേഖാമൂലം പരാതി നല്‍കാതെ പിന്‍വാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ ആറ് പേര്‍ പ്രിന്‍സിപ്പാളിന് പരാതി മെയിലായി അയച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കാതെ പ്രിന്‍സിപ്പാള്‍ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്നും ആരോപണമുണ്ട്. എച്ച്‌ഒഡിമാരടക്കമുള്ള അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വിളിച്ച്‌ പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദവും ചെലുത്തിയെന്നും പരാതിയുണ്ട്. യൂണിയന്‍ ഭാരവാഹികളടക്കം പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് കുട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തി.

ചില അധ്യാപകര്‍ക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് പരാതിയെന്നും കൈതട്ടിയാണ് കോളുകള്‍ പോയതെന്നുമാണ് ആരോപണവിധേയനായ അഭിലാഷ് പറയുന്നത്. ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കോളെജ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. വിദ്യാര്‍ത്ഥികളുടെ പരാതി ഗവര്‍ണര്‍ ഡിജിപിക്ക് കൈമാറും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക