ജറൂസലം: തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിനു ശേഷം ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ഭരണത്തില്‍ നിന്നു പുറത്ത്. വലതുപക്ഷ യാമിന പാര്‍ട്ടിയുടെ നേതാവും നെതന്യാഹുവിന്റെ മുന്‍ അനുയായിയുമായ നാല്‍പ്പത്തൊമ്ബതുകാരന്‍ നഫ്താലി ബെന്നറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിമൂന്നാമതു പ്രധാനമന്ത്രിയായി ഇസ്രേലി പാര്‍ലമെന്റ് (നെസറ്റ്) അദ്ദേഹത്തെ അംഗീകരിച്ചതിനു പിന്നാലെയായിരുന്നു സത്യപ്രതിജ്ഞ.

120 അംഗ പാര്‍ലമെന്റില്‍ ദീര്‍ഘമായ ചര്‍ച്ചയ്ക്കു ശേഷം 59നെതിരേ 60 വോട്ടിനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം വിശ്വാസ വോട്ട് നേടിയത്. ഒരംഗം വിട്ടുനിന്നു. ഇരുപത്തേഴംഗ പുതിയ മന്ത്രിസഭയില്‍ ഒമ്ബതു പേര്‍ വനിതകളാണ്. യെഷ് അറ്റിഡ് പാര്‍ട്ടിയുടെ മിക്കി ലെവി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലെവിക്ക് 67 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ കിട്ടി. എഴുപത്തൊന്നുകാരനായ നെതന്യാഹു ഇസ്രയേലില്‍ ഏറ്റവുമധികം കാലം ഭരിച്ച പ്രധാനമന്ത്രിയാണ്. പുതിയ സര്‍ക്കാരിനെ വൈകാതെ പുറത്താക്കുമെന്നും ലിക്വിഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു തുടരുമെന്നും പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ നെതന്യാഹു പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കുറി അസാധാരണമായൊരു സഖ്യമാണ് പുതിയ സര്‍ക്കാരുണ്ടാക്കിയിരിക്കുന്നത്. വലതും ഇടതും മധ്യവും ആശയങ്ങളുള്ള പാര്‍ട്ടികളും അറബ് പാര്‍ട്ടിയും ചേര്‍ന്നതാണു സഖ്യം. നെതന്യാഹു അനുകൂലികളുടെ തടസപ്പെടുത്തലുകള്‍ക്കിടയില്‍ പുതിയ പ്രധാനമന്ത്രി ബെന്നറ്റ് തന്റെ പുതിയ മന്ത്രിമാരെ പാര്‍ലമെന്റിനു പരിചയപ്പെടുത്തി. വിവിധ ആശയങ്ങളുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ക്കൊപ്പം ഇരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നതായും ബെന്നറ്റ് പറഞ്ഞു. വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ഈ സര്‍ക്കാര്‍. ഉത്തരവാദപ്പെട്ട നേതാക്കള്‍ അവസരത്തിനൊത്ത് ഉയര്‍ന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിമിനലെന്നും നുണയനെന്നും വിളിച്ച്‌ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി അംഗങ്ങള്‍ ബെന്നറ്റിന്റെ പ്രസംഗം തടസപ്പെടുത്തി.

ഇറാനുമായുള്ള ആണവ കരാര്‍ പുനരാരംഭിക്കാനുള്ള യുഎസ് നീക്കത്തെ എതിര്‍ക്കുമെന്ന സൂചന നല്‍കിയ ബെന്നറ്റ്, ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ ഇറാനെ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു. നെതന്യാഹുവിന്റെ മുന്‍ സഖ്യകക്ഷി നേതാവായ ബെന്നറ്റ് എട്ടു പാര്‍ട്ടികളുടെ സഖ്യത്തെയാണു പുതിയ സര്‍ക്കാരിനായി നയിക്കുന്നത്. സെന്‍ട്രിസ്റ്റ് നേതാവ് യായിര്‍ ലാപ്പിഡുമായി അധികാരം പങ്കിടാന്‍ ബെന്നറ്റ് കരാറുണ്ടാക്കിയതാണ് പുതിയ സര്‍ക്കാര്‍ നീക്കത്തില്‍ സുപ്രധാനമായത്. കരാര്‍ പ്രകാരം രണ്ടുവര്‍ഷത്തിനു ശേഷം (2023 സെപ്റ്റംബറില്‍) ബെന്നറ്റ് മാറി ലാപ്പിഡ് പ്രധാനമന്ത്രിയാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക