കൊല്ലം: സമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് യുവാക്കളെ കെണിയില്‍പ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതിയായ യുവതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു നടത്തിയതായി പരാതി. സ്വര്‍ണവും പണവും തട്ടിയ കേസില്‍ ഭര്‍ത്താവിനൊപ്പമാണ് യുവതി പ്രതിയായത്. ചെങ്ങന്നൂര്‍ മുളക്കുഴ കാരയ്ക്കാട് തടത്തില്‍ മേലതില്‍ രാഖി (31) ക്കെതിരെയാണു പ്രയാര്‍ വടക്ക് സ്വദേശി പൊലീസില്‍ പരാതി നല്‍കിയത്.

പരാതിക്കാരന്റെ മകനായ പ്രവാസിയില്‍ നിന്നു അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും കൂടുതല്‍ തുക ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. വിവാഹ പരസ്യം നല്‍കിയാണു യുവാക്കളെ വലയില്‍ വീഴ്ത്തുന്നതെന്നും തട്ടിപ്പിനിരയായവരില്‍ മിക്കവരും പുനര്‍വിവാഹിതരായ പ്രവാസികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണെന്നും പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഖി, അശ്വതി, അമൃത എന്നീ പേരിലാണു തട്ടിപ്പ്. തുറവൂര്‍ സ്വദേശിയെ ചെങ്ങന്നൂരിലെ ലോഡ്ജില്‍ വിളിച്ചു വരുത്തി കബളിപ്പിച്ച കേസില്‍ രാഖിയെയും ഭര്‍ത്താവ് പന്തളം കൂരമ്ബാല മാവിള തെക്കതില്‍ രതീഷ് എസ് നായരെയും (36) കഴിഞ്ഞ മാര്‍ച്ച്‌ 21നു പളനിയിലെ ലോഡ്ജില്‍ നിന്നാണു ചെങ്ങന്നൂര്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.

മാര്‍ച്ച്‌ 12ന് ഓച്ചിറയിലെ ലോഡ്ജില്‍ മാവേലിക്കര സ്വദേശിയായ യുവാവില്‍ നിന്നു മൂന്ന് പവന്‍ സ്വര്‍ണാഭരണവും ഐ ഫോണും ഫെബ്രുവരിയില്‍ പാലാരിവട്ടത്തു നിന്ന് അഞ്ച് പവന്‍ സ്വര്‍ണമാലയും ഐ ഫോണും ദമ്ബതികള്‍ തട്ടിയെടുത്തിരുന്നു. മൂന്ന് കേസിലും പ്രതികളായ ദമ്ബതികള്‍ മെയില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കായംകുളം പുതുപ്പള്ളിയില്‍ വാടകയ്ക്കു താമസിച്ചാണു പുതിയ തട്ടിപ്പ് ആരംഭിച്ചത്.

കരസേനയിലെ ഉദ്യോഗസ്ഥയാണെന്നും ഭര്‍ത്താവ് മരിച്ചു പോയെന്നും പറഞ്ഞു പുനര്‍ വിവാഹത്തിനു പരസ്യം നല്‍കിയാണു പ്രവാസിയെ പരിചയപ്പെടുന്നത്. പിന്നീടു വിവാഹം വീട്ടുകാര്‍ എതിര്‍ക്കുന്നതായി പറ‍ഞ്ഞു ഗള്‍ഫിലായിരുന്ന ഇയാളെ നാട്ടില്‍ വരുത്തിയ ശേഷം പല തവണകളായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു.

മുന്‍ ഭര്‍ത്താവിന്റെ അപകട മരണത്തിന്റെ ഒരു കോടിയോളം രൂപ നഷ്ടപരിഹാരത്തുക ലഭിക്കാനുണ്ടെന്നും തുക ലഭിക്കുന്നതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. യുവതിയുടെ തട്ടിപ്പിന്റെ വിവരങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ അറിഞ്ഞതിനെത്തുടര്‍ന്നാണു കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. ഓച്ചിറ, കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക