ഇടുക്കി: തമിഴ്നാട്ടിലെ പൊലീസ് അസി. കമ്മിഷണര്‍ ചമഞ്ഞ് കേരളത്തില്‍ വിലസി പിടിയിലായ വിജയന് തട്ടിപ്പ് വീരന്. ചെന്നൈ കുളത്തൂര്‍ ജീവനഗര്‍ സ്വദേശി വിജയന് (41) പിടിക്കപ്പെട്ടതോടെ പൊലീസ് ചമഞ്ഞ് ഇയാള്‍ നടത്തിയ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തായി. മുഖ്യമന്ത്രി പിണറായി വിജയന്, തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മുന്‍ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരുള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും വിജയന്റെ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇതെല്ലാം ഒറിജിനലാണോ അതോ മോര്‍ഫ് ചെയ്തതാണോയെന്നത് സംബന്ധിച്ച് തമിഴ്നാട് പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമൊത്തുള്ള ചിത്രങ്ങളും ഇയാളുടെ ഫോണുകളില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ കാണിച്ചാണ് പ്രതി നാട്ടുകാരുടെ വിശ്വാസ്യത നേടിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വീട്ടുകാരെയും ഇത്തരത്തില്‍ കബളിപ്പിച്ചിരുന്നു. പൊലീസുദ്യോഗസ്ഥനെന്ന വ്യാജേനയാണ് പ്രതി കൂടുതലും വിലസിയിരുന്നത്. ചെന്നൈയ്ക്ക് പുറത്ത് പൊലീസാണെന്ന പേരില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മദ്ധ്യസ്ഥനായി നിന്ന് പണം തട്ടിയതായി വിവരമുണ്ട്. ഇയാള്‍ മറ്റേതെങ്കിലും തരത്തിലുള്ള സാമ്ബത്തിക തട്ടിപ്പുകളോ കുറ്റകൃത്യങ്ങളോ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളധികവും സിവില്‍ വേഷത്തിലുള്ളതാണ്. കാക്കി ധാരിയായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍. പൊലീസ് ചമഞ്ഞ് നടക്കുന്നതിനിടെ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാനും ആളുകള്‍ സംശയിക്കാതിരിക്കാനുമായി ഇയാള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മാദ്ധ്യമപ്രവര്ത്തകനായും വനം വകുപ്പ് ഉദ്യോഗസ്ഥനായും പട്ടാളക്കാരനായുമൊക്കെ നടിച്ച് തട്ടിപ്പ് നടത്തിയിരുന്ന ഇയാള്‍ രാഷ്ട്രീയ നേതാക്കളില്‍ പലരോടും ആരെന്ന നിലയിലാണ് ഇയാള്‍ പരിചയപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. തമിഴ്നാട്ടിലെയും അയല്‍സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ഓഫീസുകള്‍ അടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഇയാള്‍ കയറിയിറങ്ങിയിരുന്നതായാണ് വിവരം.
ചെന്നൈയിലെ പൊലീസ് അസിസ്റ്റന്റ് കമ്മിഷണറാണെന്ന വ്യാജേന കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തി മടങ്ങവെ ദിണ്ടിക്കലില്‍നിന്നാണ് വിജയന് പൊലീസിന്റെ പിടിയിലായത്.
കുടുക്കിയത് കേരള പൊലീസ്
കഴിഞ്ഞ ഒരുവര്‍ഷമായി തമിഴ്നാട്ടിനകത്തും പുറത്തും പൊലീസ് അസി. കമ്മിഷണര്‍ ചമഞ്ഞ് വിലസിയ വിജയനെ കുടുക്കിയത് കേരള പൊലീസ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് കേസ് അന്വേഷണത്തിനായി പുറത്ത് പോകുകയാണെന്ന് പറഞ്ഞാണ് വിജയന് യാത്രയായത്. റോഡ് മാര്‍ഗം കിലോ മീറ്ററുകളോളം ജീപ്പില്‍ ബീക്കണ്‍ ലൈറ്റും സൈറണുമിട്ട് യാത്ര ചെയ്ത ഇയാള്‍ വഴിനീള പൊലീസ് ഉദ്യോഗസ്ഥരുടെ ആദരവും നേടി. കേരളത്തില്‍ പലസ്ഥലത്തും ചുറ്റിയടിച്ച വിജയന് പ്രമുഖ ക്ഷേത്രങ്ങളില്‍ തമിഴ്നാട് അസി. കമ്മിഷണറെന്ന നിലയില്‍ ദര്‍ശനം നടത്തി. കേരളത്തിലെ കറക്കത്തിനിടെ തനിയെ വാഹനമോടിച്ചെത്തിയ ഇയാള്‍ കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈ.എസ്.പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. മടങ്ങാന്‍ തുടങ്ങുമ്ബോള്‍ നിഷാദ് മോനൊപ്പം സെല്‍ഫിയെടുത്ത ഇയാള്‍ പൊലീസ് സ്റ്റേഷന്റെ ചിത്രവും മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തി. ഇയാളുടെ പെരുമാറ്റത്തില്‍ ഡിവൈ.എസ്.പി നിഷാദ് മോന് സംശയം തോന്നി.
തുടര്‍ന്ന് തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയില്ലെന്ന് അറിഞ്ഞത്. ഇതിനിടെ ഇയാള്‍ കേരളത്തില്‍നിന്ന് തിരിച്ച് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തേനിയില്‍ നിന്ന് ദിണ്ടിഗലിലേക്ക് വരും വഴി
സൈറണ്മുഴക്കിയും ബീക്കണ്‍ ലൈറ്റും തെളിച്ചും സ്റ്റിക്കര്‍ പതിച്ച വാഹനത്തിലെത്തിയ വിജയനെ പൊലീസ് പിടികൂടുകയായിരുന്നു. താന്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറാണെന്നും അന്വേഷണത്തിന് വന്നതാണെന്നും പറഞ്ഞു. രണ്ട് മൊബൈല്‍ ഫോണുകളും തമിഴ്നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പിസ്റ്റള്‍ രൂപത്തിലുള്ള എയര്‍ഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും ഇയാളുടെ വാഹനത്തിലുണ്ടായിരുന്നു.ഐ.ഡി കാര്‍ഡ് പരിശോധിച്ചതില്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിജയനെ അറസ്റ്റു ചെയ്യുകയായിരുന്നു. നിലക്കോട്ട് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത വിജയനെ കൂടുതല്‍ അന്വേഷണത്തിനായി വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങും.