പാലോട്: ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ച ആദിവാസി കുടുംബത്തിന് ബാക്കി ഗഡു അനുവദിക്കുന്നില്ലെന്ന് പരാതി. തുടര്‍ന്ന് പഴയ തൊഴുത്ത് വീടാക്കിയാണ് വൃദ്ധ ദമ്ബതികളുടെ താമസം.

കോളച്ചല്‍ വെങ്കലകോണ്‍ കുന്നുംപുറത്ത് വീട്ടില്‍ ശശിധരന്‍ കാണിയും ഭാര്യ രാധയുമാണ് പെരിങ്ങമ്മല ഗ്രാമപഞ്ചായത്തധികാരികളുടെ അനാസ്ഥതയെ തുടര്‍ന്ന് ദുരിത ജീവിതം നയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

6 ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് അനുവദിച്ചത്. 2020 ആഗസ്റ്റില്‍ 90,000 രൂപ നല്‍കി. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന മണ്‍കട്ട കെട്ടിയ വീട് പൊളിച്ചുമാറ്റി പുതിയ വീടിന്റെ അടിസ്ഥാനം കെട്ടി പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഗ്രാമസേവകന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം പരിശോധിച്ച്‌ രണ്ടാം ഗഡു അനുവദിച്ചു.

രണ്ടാം ഗഡുവായി അനുവദിച്ച 1,20,000 രൂപയുടെ ചെക്ക് 2020 ആഗസ്റ്റ് 7ന് ശശിധരന്‍ കാണിക്ക് നല്‍കിയതായി രേഖയില്‍ കാണിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് ഈ തുക കിട്ടിയിട്ടില്ല.

തുടര്‍ന്ന് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് വിചിത്രം. ഏഴു വര്‍ഷം പാര്‍ട്ട് ടൈമായി സര്‍ക്കാര്‍ സര്‍വീസില്‍ പ്യൂണ്‍ ജോലി ശശിധരന്‍ കാണി ചെയ്തിരുന്നു. 3500 രൂപ പെന്‍ഷന്‍ ഉള്ളതിനാല്‍ ബാക്കി തുക നല്‍കാന്‍ കഴിയില്ലെന്നാണ് അധികാരികള്‍ പറയുന്നത്.

ഈ കുടുംബത്തിന് വീട് അനുവദിക്കുമ്ബോഴും ഒരു തവണ ഗഡു പൈസ നല്‍കുമ്ബോഴും ശശിധരന്‍ കാണിക്ക് ഈ ജോലി ഉണ്ടായിരുന്നതായി ഗ്രാമസേവകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയാമായിരുന്നു. തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവകാശം നിഷേധിച്ച പഞ്ചായത്തിനെതിരെ മുഖ്യമന്ത്രി, പട്ടികജാതി കമ്മീഷന്‍, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടത്തില്‍ പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക