കണ്ണൂര്‍: ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ അനുമതി നല്‍കിയതോടെ കണ്ണൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. കൊച്ചിയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ കഴിഞ്ഞ ദിവസം പുനരംരാഭിച്ചതിന് പിന്നാലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് തുടക്കമാകുന്നത്. വെള്ളിയാഴ്​ച മുതല്‍ വിമാന സര്‍വീസ്​ പുനരാരംഭിക്കുമെന്ന്​ കിയാല്‍ അധികൃതര്‍ വ്യക്തമാക്കി. ആദ്യ ദിവസം ദുബായിലേക്കാണ്​ സര്‍വീസ്​. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി കിയാര്‍ അധികൃതര്‍ അറിയിച്ചു.

വേഗത്തിലുള്ള കോവിഡ് പരിശോധനയ്ക്കുള്ള സജ്ജീകരണം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.മൂന്ന് മണിക്കൂറിനുള്ളില്‍ 500 പേരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന്​ കിയാല്‍ ഓപറേഷന്‍ ഹെഡ് രാജേഷ് പൊതുവാള്‍ പറയുന്നു. മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയാണ് ടെസ്റ്റ് നടത്തുന്നത്. 10 കൗണ്ടറുകളാണ് വിമാനത്താവള ടെര്‍മിനലില്‍ ഒരുക്കിയത്. 15 മിനിറ്റ്​ സമയം കൊണ്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും. 3000 രൂപയാണ് ഫീസ് ഈടാക്കുന്നത്. പരിശോധനക്ക്​ വാട്‌സ്‌ആപ്പില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. പരിശോധനാ ഫലം മൊബൈലിലും പരിശോധനാ കേന്ദ്രത്തിലും ലഭിക്കും. 10 എണ്ണത്തില്‍ വയോധികര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കായി രണ്ട് വീതം മാറ്റിവെച്ചിട്ടുണ്ട്. റാപ്പിഡ് പരിശോധന ഫലത്തോടൊപ്പം 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണമെന്നും അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക