ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ് അന്നാ രേഷ്മ രാജൻ. ഏറെ വിജയം നേടിയ ചിത്രത്തിലൂടെ അന്നയും ഏറെ ശ്രദ്ധേയയായി. ലിച്ചി എന്നായിരുന്നു അന്ന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. അങ്കമാലി ഡയറീസിനുശേഷം അന്നയുടെ കഥാപാത്രം അത്രയേറെ ശ്രദ്ധിക്കപ്പെട്ടതിനാല്‍ അന്നയുടെ യഥാർത്ഥ പേരൊക്കെ പ്രേക്ഷകർ മറന്നുപോയി.

താരത്തിനെതിരെ ബോഡി ഷെയിമിങ് കമന്റുകള്‍ ഇപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ നൃത്തം ചെയ്യുന്ന വിഡിയോയുടെ താഴെ ബോഡി ഷെയിമിങ് കമന്റ് ഇട്ട ആളോട് താരം പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്നു വച്ച്‌ ഇത്തരം കമന്റുകള്‍ പോസ്റ്റ് ചെയ്ത വേദനിപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു.ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളില്‍ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിഡിയോകള്‍ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമത്തി‌ല്‍ താരം പങ്കു വച്ച്‌ കുറിപ്പ് ഇപ്രകാരമാണ്. ‍”നിങ്ങള്‍ക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വിഡിയോയില്‍ എന്റെ ചലനങ്ങള്‍ക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാൻ ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോള്‍ മുഖം വീർക്കുകയും എന്റെ സന്ധികളില്‍ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി ഞാൻ ഇത്തരത്തില്‍ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്.

നിങ്ങള്‍ക്ക് എന്റെ വിഡിയോകള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.എന്റെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളില്‍ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികള്‍ക്കിടയില്‍ നിന്നു ശ്രമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികള്‍ കമന്റു ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.”-അന്നയുടെ വാക്കുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക