ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് അന്തർസംസ്ഥാന തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് കലാരംഗത്തും സജീവമായിരുന്നു. അഭിനേതാവായ ഇദ്ദേഹം പുലിമുരുകൻ, ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, അച്ഛാദിൻ, ജോസഫ് തുടങ്ങി 14 ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റർ ആയിരുന്നു ആദ്യ ചിത്രം. വിനോദ്‌ കണ്ണൻ എന്നാണ്‌ സിനിമ മേഖലയില്‍ അറിയപ്പെട്ടിരുന്നത്‌.

എറണാകുളം വരാപ്പുഴ മഞ്ഞുമ്മല്‍ സ്വദേശി കെ. വിനോദ് (45) എറണാകുളം സൗത്ത് സ്റ്റേഷനിലെ ടി.ടി.ഇയാണ്. എറണാകുളം -പട്‌ന ട്രെയിൻ ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെ തൃശൂർ വെളപ്പായയിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ ട്രെയിനില്‍നിന്ന് തള്ളിയിട്ടത്. സംഭവത്തില്‍ പ്രതി ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ് 11 കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തവേ വാതിലിന് സമീപം നിന്ന രജനീകാന്തിനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസർവേഷൻ ടിക്കറ്റ് ഇല്ലെന്ന് കണ്ട് ചോദിച്ചപ്പോള്‍ പ്രകോപിതനായ രജനീകാന്ത് ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തെ ട്രാക്കിലേക്ക് തലയടിച്ച്‌ വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയും ചെയ്തു. മൃതദേഹം പാദം അറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു.

ട്രെയിനില്‍ യാത്ര തുടർന്ന പ്രതിയെ കോച്ചിലെ യാത്രക്കാര്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ചാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുന്നംകുളത്ത് ഹോട്ടലില്‍ തൊഴിലാളിയാണെന്നാണ് വിവരം. തൃശൂരില്‍നിന്നാണ് കയറിയത്. മദ്യപിച്ച്‌ ലക്കുകെട്ട നിലയിലായിരുന്ന ഇയാള്‍ യാത്രക്കാരോടും മോശമായി പെരുമാറിയതായി പറയുന്നു.

ഡീസല്‍ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്ന വിനോദ് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടു വർഷം മുമ്ബാണ് ടി.ടി.ഇ കേഡറിലേക്ക് മാറിയത്. ഒന്നര മാസം മുമ്ബ് ആണ് എറണാകുളത്ത് ചുമതലയേറ്റെടുത്തത്. രണ്ടുമാസം മുമ്ബാണ്‌ വിനോദും മാതാവ് ലളിതയും മഞ്ഞുമ്മല്‍ മൈത്രിനഗർ ലളിത നിവാസില്‍ താമസം തുടങ്ങിയത്‌. പിതാവ്: വേണുഗോപാലൻ നായർ. സഹോദരി: സന്ധ്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക