ബാബറി മസ്ജിദ് തകർത്ത കർസേവകൻ അജിത് ഗൊപ്ചാതെ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥി. മഹാരാഷ്ട്രയില്‍നിന്നാണ് ഗൊപ്ചാദെ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഇയാളെ കൂടാതെ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മേധാ കുല്‍ക്കർണി, എന്നിവരെയാണ് ബി.ജെ.പി മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത്.

എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയായ ഗൊപ്ചാദെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റായ ഡോക്ടറാണ്. 1992ല്‍ 22 വയസുള്ളപ്പോഴാണ് ഗൊപ്ചാദെ ബാബറി മസ്ജിദ് തകർക്കാൻ കർസേവകനായി അയോധ്യയിലെത്തിയത്. എല്‍.കെ അദ്വാനി നയിച്ച രഥയാത്രയുടെ ഭാഗമായാണ് ഗൊപ്ചാദെയും ബാബറി മസ്ജിദ് തകർക്കാനെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”ബാബറി മസ്ജിദ് തകർക്കാനായി വ്യത്യസ്ത സംഘങ്ങളായാണ് ഞങ്ങളെ അയോധ്യയിലെത്തിച്ചത്. ഞങ്ങളുടെ സംഘത്തില്‍ 300 പേരുണ്ടായിരുന്നു. രാവിലെ 10.30നാണ് ഞങ്ങള്‍ അയോധ്യയിലെത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് മിനാരങ്ങള്‍ തകർത്തു. മൂന്നാമത്തെ വലിയ മിനാരം അവസാനമാണ് തകർത്തത്”-നേരത്തെ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ ഗൊപ്ചാദെ പറഞ്ഞ വാക്കുകളാണിത്.

മസ്ജിദിന്റെ വലിയ മിനാരത്തിന് മുകളില്‍ കയറിനിന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഗൊപ്ചാദെയുടെ ഫോട്ടോ നേരത്തെ പുറത്തുവന്നിരുന്നു. പ്രമോദ് മഹാജൻ, നിതിൻ ഗഡ്കരി, ഗോപിനാഥ് മുണ്ടെ തുടങ്ങിയവർക്കൊപ്പം എ.ബി.വി.പിയിലൂടെയാണ് ഗൊപ്ചാദെ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രധാനമന്ത്രി മോദിയും അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയുമാണ് രാജ്യസഭയിലേക്ക് തന്റെ പേര് നിർദേശിച്ചത്. പാർട്ടിയെ ശക്തിപ്പെടുത്തലാണ് തന്റെ ചുമതല. ഗ്രാമത്തില്‍ സാധാരണ ജനങ്ങളോടൊപ്പമാണ് താൻ ഇപ്പോള്‍ പ്രവർത്തിക്കുന്നത്. പാർട്ടി ഏല്‍പ്പിച്ച പുതിയ ചുമതല സന്തോഷത്തോടെ എറ്റെടുക്കുമെന്നും ഗൊപ്ചാദെ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക