പ്രായത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടു പ്രസിഡന്റ് ജോ ബൈഡൻ ഒരിക്കല്‍ കൂടി മത്സരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചേക്കാമെന്ന സാധ്യത നിലനില്‍ക്കെ പകരം ആരെന്ന ചർച്ചകള്‍ പാർട്ടിയില്‍ സജീവമായി. കമലാ ഹാരിസ് ഉള്‍പ്പെടെ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പലരുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും മുൻ പ്രഥമ വനിത മിഷേല്‍ ഒബാമയുടെ പേരു കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്നുവെന്നാണറിവ്. അതിനു കാരണം ലളിതം: ബരാക്ക് ഒബാമയുടെ ഭരണകാലത്തു പ്രഥമവനിത നേടിയ ജനപ്രീതി മറ്റാരും മറികടന്നിട്ടില്ല.

അമേരിക്കയിലെ ഏറ്റവും ആദരണീയായ വനിതയെന്ന സ്ഥാനം അവർ നിലനിർത്തുന്നു. ഗാലപ് പോളിംഗില്‍ മൂന്നു വർഷമായി അമേരിക്കയുടെ പ്രിയപ്പെട്ട പ്രധാനവനിത അവരാണ്. ഡൊണാള്‍ഡ് ട്രംപ് ആണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയെങ്കില്‍ അദ്ദേഹത്തെ തോല്പിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർഥി മിഷേല്‍ ആയിരിക്കുമെന്നു ഡെമോക്രാറ്റിക് വൃത്തങ്ങളെ ഉദ്ധരിച്ചു ‘ന്യൂസ്ബ്രേക്ക്’ പറയുന്നു. ഇങ്ങിനെയൊരു നിർദേശം പാർട്ടി അണികളില്‍ വലിയ ആവേശം പകർന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാഭ്യാസം, ആരോഗ്യരക്ഷ, സൈനിക കുടുംബങ്ങളുടെ പരിരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ അവർ പ്രഥമ വനിത ആയിരിക്കെ നല്ല പ്രവർത്തനം കാഴ്ച വച്ചിരുന്നു. സ്ഥാനാർത്ഥിയായാല്‍ എന്തായിരിക്കും പ്രതികരണം എന്നറിയാൻ മിഷേല്‍ ഒബാമ അടുത്തിടെ വൻകിട ഡോണർമാർക്കിടയില്‍ സർവേ നടത്തിയിരുന്നു. നോബിള്‍ പ്രെഡിക്റ്റിവ് ഇൻസൈറ്റ്സുമായി ചേർന്ന് നടത്തിയ സർവേയില്‍ അവർ ബൈഡൻ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളി എന്നാണ് ബെറ്റ് ഫെയർ പറയുന്നത്. ബെറ്റ് ഫെയർ റിപ്പോർട്ട് അനുസരിച്ച് 10.9% വാതുവയ്‌പും അവർക്കു അനുകൂലമായി. ബൈഡനു ലഭിച്ചത് 10.6%.

നോബിള്‍ പ്രെഡിക്റ്റിവ് ഇൻസൈറ്റ്സില്‍ ഗവേഷണ മേധാവിയായ ഡേവിഡ് ബിലാർ പറയുന്നത്: “എല്ലാവരും തിരിച്ചറിയുന്ന പേരാണ് മിഷേല്‍ ഒബാമ. ഡെമോക്രാറ്റുകള്‍ക്കു ഏറെ പ്രിയപ്പെട്ട പ്രഥമ വനിത. വിവാദങ്ങളില്ല.” മത്സരിക്കാൻ താത്പര്യമില്ലെന്നു മിഷേല്‍ പറയുന്നുണ്ട്. എന്നാല്‍ ബൈഡൻ രംഗത്തില്ല എന്നുറപ്പു വന്നാല്‍ അവർ തയ്യാറാവും എന്നാണ് പലരും കരുതുന്നത്. ഡെമോക്രാറ്റിക് പാർട്ടിയില്‍ ഇന്നും പ്രിയപ്പെട്ട നേതാവാണ് ബരാക്ക് ഒബാമ. ആ കുടുംബത്തിന് ഒരു പരിവേഷമുണ്ട്. മിഷേല്‍ രംഗത്തിറങ്ങിയാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രയോജനം ചെയ്യും. ഭരണത്തില്‍ മിഷേലിനു പരിചയക്കുറവുണ്ടെങ്കിലും അദ്ദേഹത്തിന്റെ പിൻബലം ഉറപ്പാണ് എന്ന പ്രതീക്ഷ ന്യായമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക