അവസരങ്ങള്‍തേടി യുവാക്കള്‍ കേരളം വിടുന്നതായി ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ് ജോസഫ് പെരുന്തോട്ടം. മുഖ്യമന്ത്രി വേദിയിലിരിക്കുമ്ബോഴായിരുന്നു വിമര്‍ശനം. മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കി. യുവാക്കള്‍ വിദേശത്തേക്കു പോകുന്നത് കേരളത്തിന്റെ പ്രശ്‌നമല്ല, കാലത്തിന്റെ മാറ്റമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് പിഎംജി ലൂര്‍ദ് പള്ളിയില്‍ പൗരസമൂഹം നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ് ജോസഫ് പെരുന്തോട്ടം. പ്രതിപക്ഷ നേതാവ് ആര്‍ച്ച്‌ബിഷപ്പിന്റെ പരാമര്‍ശങ്ങളെ പിന്തുണച്ചു.

ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്നു പലര്‍ക്കും തോന്നലുണ്ടെന്ന് ആര്‍ച്ച്‌ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇവിടെനിന്നു രക്ഷപെടാന്‍ എവിടെയെങ്കിലും പോകണമെന്ന തോന്നലുണ്ട്. ഇതു സഭയുടെ മാത്രം പ്രശ്‌നമല്ല, യുവജനങ്ങളുടെ പ്രശ്‌നമാണ്. ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ട് എന്നു ബോധ്യപ്പെടുത്തണം. അതിനു സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും ജോസഫ് പെരുന്തോട്ടം പറഞ്ഞു. പുതിയ കാലത്ത് കുഞ്ഞുങ്ങള്‍ വളരുന്നത് ലോകത്തെ മനസിലാക്കിയാണെന്നും ഇന്ന സ്ഥലത്ത് പോകണം, പഠിക്കണം എന്നു കുട്ടികള്‍ തന്നെ തീരുമാനിക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികളുടെ ആ സമ്മര്‍ദത്തിനു മാതാപിതാക്കള്‍ക്കു വഴങ്ങേണ്ടി വരുന്നു. കുട്ടികള്‍ പുറത്തുപോയി പഠിക്കാന്‍ ആഗ്രഹിക്കുന്നു. അവരെയെങ്ങനെ ഇവിടെ നിലനിര്‍ത്താം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ശാക്തീകരിക്കുന്നതിനുള്ള നടപടികളാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിറോ മലബാര്‍ സഭയ്ക്കു സര്‍ക്കാരിനെക്കുറിച്ചു പരാതി ഉണ്ടാകാന്‍ ഇടയില്ല. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നിക്ഷ്പക്ഷമായി സര്‍ക്കാര്‍ ഇടപ്പെട്ടു.അല്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു എന്നു നിങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തില്‍ കണ്ണിയാവാനുള്ള അവസരമാണ് അഭിവന്ദ്യ തട്ടില്‍ പിതാവിനു ലഭിച്ചിരിക്കുന്നത്. നാടിന്റെ വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ക്രിസ്ത്യന്‍ മിഷനറികള്‍ വലിയ പങ്ക് വഹിച്ചു. മിഷനറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഗ്രഹാം സ്റ്റെയിനും കുടുംബവും കൊല്ലപ്പെട്ടത് ഈ ദിവസമാണെന്നതു മറന്നുകൂടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ച്ച്‌ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പിന്തുണച്ചു. വിമര്‍ശനങ്ങളെ ലാഘവത്തോടെ കാണാന്‍ കഴിയില്ല. കുട്ടികള്‍ പുറത്തേക്ക് പോകുകയാണ്. പ്രായമായവരുടെ നാടായി കേരളം മാറുമോ എന്ന് ഉത്കണ്ഠയുണ്ട്. 9 സര്‍വകലാശാലകള്‍ക്ക് വിസിമാരില്ല. 5 കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ല. കോളജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അപകടകരമായ രീതിയിലേക്ക് വിദ്യാഭ്യാസ രംഗം മാറി. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. പഴയ നേട്ടം പറഞ്ഞിരിക്കാതെ പ്രശ്‌ന പരിഹാരം കാണണം. ജോസഫ് പെരുന്തോട്ടത്തിന്റേത് വിമര്‍ശനമല്ല, ആശങ്കയാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക