കിഴതടിയൂര്‍ കിഴക്കേക്കര താഴത്ത് സെബാസ്റ്റ്യന്‍ ജോസഫിന്‍റെ പുരയിടത്തില്‍ 30 വര്‍ഷമായി നട്ടുവളര്‍ത്തിയ ചന്ദനമരം വനം വകുപ്പിന് കൈമാറി. ഈ ചന്ദനത്തടികള്‍ മറയൂര്‍ ചന്ദന ഡിവിഷനില്‍ എത്തിച്ച്‌ പല ക്ലാസുകളായി തിരിച്ച്‌ ലേലത്തിനു വയ്ക്കും. ലേലത്തുകയില്‍ ജിഎസ്ടി 18ശതമാനം കിഴിച്ചുള്ള തുക ഉടമസ്ഥന്‍റെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

കുറഞ്ഞത് കിലോഗ്രാമിന് 17000 രൂപ കാതലിനും തൊലിക്ക് 250 രൂപയും വെള്ളത്തടിക്ക് 100 രൂപയും വില ഉണ്ട്. വേരിനും വില ലഭിക്കും. വേര് ഉള്‍പ്പെടെ 125 കിലോഗ്രാം ലഭിച്ചു. ഉടമ നല്കിയ അപേക്ഷ പ്രകാരം കോട്ടയം ഡിഎഫ്‌ഒ എന്‍. രാജേഷിന്‍റെ ഉത്തരവു പ്രകാരം എരുമേലി റെയിഞ്ച് വണ്ടംപതാല്‍ സ്റ്റേഷന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചന്ദനമരം മുറിച്ച്‌ സ്‌റ്റേഷനിലേക്കു കൊണ്ടുപോയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചന്ദനത്തൈകള്‍ നട്ടുവളര്‍ത്താന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം

കര്‍ഷകര്‍ക്ക് ഭാവിയില്‍ സാമ്ബത്തിക പുരോഗതിയിലേക്ക് എത്തുന്നതിനും സര്‍ക്കാരിന് ജിഎസ്ടിയിലൂടെ വന്‍ വരുമാന വര്‍ധന ലഭിക്കുന്നതിനും ചന്ദനത്തൈകള്‍ നട്ടുവളര്‍ത്തുന്നതു സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്ന് പൊതുപ്രവര്‍ത്തകനും പനയ്ക്കപ്പാലം പന്തലാനി മറയൂര്‍ ചന്ദന നഴ്‌സറി ഉടമയുമായ പീറ്റര്‍ പന്തലാനി അഭിപ്രായപ്പെട്ടു. ആധാരമുള്ള സ്ഥലത്ത് 12 അടി അകലത്തില്‍ കര്‍ഷകര്‍ക്ക് ചന്ദനത്തൈകള്‍ നട്ടുവളര്‍ത്താം. ഒരേക്കറില്‍ 320 ചന്ദനത്തൈകള്‍ വരെ നടാം. തൈകളുടെ ചുവട്ടില്‍ ചീര, കൊങ്കണി, തുളസി തുടങ്ങിയ ചെടികളും കൊന്ന, നെല്ലി, ആരിവേപ്പ്, മലവേപ്പ് തുടങ്ങിയ വൃക്ഷങ്ങളും സപ്പോര്‍ട്ട് മരമായി നട്ടുവളര്‍ത്തണം.

ചന്ദനമരങ്ങള്‍ 20 ഇഞ്ചിനുമേല്‍ വണ്ണം ആകുമ്ബോള്‍ മുറിച്ചുമാറ്റാം. ഒരു വര്‍ഷം ഒരിഞ്ച് വണ്ണം വയ്ക്കും. 20 വര്‍ഷം വളര്‍ത്തിയാല്‍ വനംവകുപ്പ് 20 ഇഞ്ചിനുമേല്‍ മുറിക്കാന്‍ അനുമതി നല്കും. ഒരടി വളര്‍ത്തിയ കൂടത്തൈകളാണ് നടാന്‍ നല്ലത്. സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് ഇറക്കി കര്‍ഷകരെ ബോധ്യപ്പെടുത്തി പ്രോത്സാഹിപ്പിക്കണമെന്നും പീറ്റര്‍ പന്തലാനി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക