ശരിക്കും നാടൻ, പക്ഷേ, വിലയിലും ഗുണത്തിലും നമ്ബര്‍ വണ്‍. പലപ്പോഴും വില കിലോയ്ക്ക് ആയിരം രൂപയ്ക്ക് മുകളിലേക്ക് ഉയരും. കാന്താരിമുളകാണ് ഈ താരം. പറങ്കികളാണ് നമ്മുടെ നാട്ടില്‍ എത്തിച്ചത് എന്നതിനാല്‍ പറങ്കി മുളകെന്നും ഇതിന് വിളിപ്പേരുണ്ട്. കൃഷിചെയ്തില്ലെങ്കിലും റബര്‍ തോട്ടത്തിലും മറ്റുമെല്ലാം ഇതിനെക്കാണാം. ഒരു പരിചരണവും കൂടാതെ കുലകുത്തി കായ്ക്കുകയും ചെയ്യും.

എന്നാല്‍ ഇതങ്ങനെ എല്ലായിടത്തും വളരില്ലെന്നാണ് ചിലര്‍ പറയുന്നത്. വലിയ മുതല്‍മുടക്കില്ലാതെ വര്‍ഷങ്ങളോളം നല്ല ആദായം കിട്ടുമെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇപ്പോള്‍ പലയിടങ്ങളിലും കൃഷിചെയ്യുന്നുണ്ട്. എരിവ് കൂടിയ ഇനത്തിനാണ് ഡിമാന്‍ഡ് കൂടുതല്‍. എരിവ് കൂടുന്തോറും ഗുണവും കൂടുമെന്നതുതന്നെ കാരണം. സന്ധികള്‍ക്കും മറ്റും ഉണ്ടാകുന്ന വേദനകള്‍ അകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ കാന്താരിമുളക് പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. മുളകിന്റെ എരിവിന് കാരണമായ കാപ്‌സിനോയിഡുകള്‍ മിക്ക ആയുര്‍വേദ മരുന്നുകളുടെയും അവിഭാജ്യ ഘടകമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃഷി രീതി

നല്ല നാടന്‍ കാന്താരിയുടെ വിത്തുകള്‍ കണ്ടെത്തുകയെന്നതാണ് ഏറ്റവും പ്രധാനം. നല്ല പഴുത്ത കായകള്‍ കീറി വിത്തുകള്‍ പുറത്തെടുത്ത് വെയിലത്ത് ഉണക്കിയെടുക്കണം. ഈ വിത്തുകളാണ് മുളപ്പിച്ചെടുക്കേണ്ടത്. മേല്‍മണ്ണില്‍ ചാണകപ്പൊടിയും മണലും കൂട്ടിക്കലര്‍ത്തി അതിലാണ് വിത്തുകള്‍ പാകേണ്ടത്.നനയ്ക്കുമ്ബോള്‍ വിത്തുകള്‍ തെറിച്ചുപോകാതെ നോക്കണം. നാലഞ്ചു ദിവസത്തിനുള്ളില്‍ മുളയ്ക്കും. രണ്ടില പ്രായം ആകുമ്ബോള്‍ ചാണകത്തിന്റെ തെളി ഒഴിച്ചുകൊടുത്താല്‍ തൈകള്‍ കൂടുതല്‍ നന്നായി ആരോഗ്യത്തില്‍ വളരും.

ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള ചരല്‍മണ്ണിലാണ് കാന്താരി നന്നായി വളരുക.നന്നായി സൂര്യപ്രകാശം ലഭിക്കുമെന്നും ഉറപ്പാക്കണം. സൂര്യപ്രകാശം കിട്ടുന്നയിടമാണെങ്കിലേ കാന്താരിയുടെ എരിവ് കൂടൂ. വാട്ടരോഗം ഒഴിവാക്കാന്‍ മണ്ണില്‍ കുമ്മായം ചേര്‍ക്കണം. അടിവളമായി ഉണങ്ങിപ്പൊടിഞ്ഞ പച്ചില കമ്ബോസ്റ്റ്, ട്രൈക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി എന്നിവ കൂട്ടികലര്‍ത്തി വേണം തടമെടുക്കാന്‍. വേര് പൊട്ടിപ്പോകാതെ പറിച്ചെടുത്ത് ഒരു മീറ്റര്‍ അകലത്തില്‍ വേണം തൈകള്‍ നടാന്‍. ഒന്നുരണ്ടുദിവസം ചെറിയ തണല്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ദിവസവും നനയ്ക്കാനും മറക്കരുത്. തൈകള്‍ വേരുപിടിച്ചെന്ന് ബോദ്ധ്യപ്പെട്ടാല്‍ എല്ലുപൊടിയും റോക്ക് ഫോസ്ഫേറ്റും ചേര്‍ത്ത് നല്‍കണം. ഇതാേടെ തൈകള്‍ പുഷ്ടിയോടെ വളരും. പിന്നീട് വളരുന്നതിനനുസരിച്ച്‌ ആവശ്യമായ വളങ്ങള്‍ നല്‍കാം. കഴിയുന്നതും രാസവളങ്ങള്‍ നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നടാന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോബാഗിലാേ ചട്ടിയിലോ നടാം. മണ്ണിനൊപ്പം ചാണകപ്പൊടി, ചകിരിച്ചോറ്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപാെടി എന്നിവ ചേര്‍ത്താണ് നടീല്‍ മിശ്രിതം തയ്യാറാക്കേണ്ടത്. ഇതില്‍ വേണം ചെടിനടാന്‍. വേരുപിടിച്ചുകഴിഞ്ഞാല്‍ വളങ്ങള്‍ നല്‍കിത്തുടങ്ങാം. മൂന്നുമാസം കൊണ്ടുതന്നെ കായ്കള്‍ വന്നുതുടങ്ങും. ഓരോതവണ വിളവെടുപ്പ് കഴിയുമ്ബോഴും അല്പം വളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സാധാരണഗതിയില്‍ രോഗങ്ങളും കീടങ്ങളും കാന്താരിയെ ആക്രമിക്കാറില്ല. പച്ചമുളകിനെ ബാധിക്കുന്ന ഫംഗസ് രോഗങ്ങളും വേരുചീയല്‍ കരിംപൂപ്പ് ആക്രമണം എന്നിവ അപൂര്‍വമായി കണ്ടുവരാറുണ്ട്. വേപ്പെണ്ണ എമെല്‍ഷന്‍, സ്യൂഡോമോണസ് നേര്‍പ്പിച്ചത് എന്നിവ തളിച്ചും വെളുത്തുള്ള ഗോമൂത്രം ലായനി, പുകയിലക്കഷായം എന്നിവയുപയോഗിച്ചും ഇവയെ അകറ്റാം. രാസ കീടനാശികള്‍ ഒഴിവാക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക