ഈ മോഹന്‍ലാലിനു വേണ്ടിയാണ് മലയാളികള്‍ കാത്തിരുന്നത്. അതിമാനുഷിക കഴിവുകളൊന്നും ഇല്ലാതെ ജീവിതത്തിലെ ജയപരാജയങ്ങളുടെ കയറ്റിറക്കങ്ങളെ സൂക്ഷ്മാഭിനയത്തിലൂടെ പ്രതിഫലിപ്പിക്കുന്ന ആക്ടര്‍ മോഹന്‍ലാല്‍…!അങ്ങനെയൊരു മോഹന്‍ലാലിനെ തിരിച്ചുതന്ന ജീത്തു ജോസഫിന് ആദ്യമേ നന്ദി…! പരാജിതനെന്നാണ് കഥയിലെ നായകന്‍ അഡ്വ.വിജയമോഹന്‍ സ്വയം വിശേഷിപ്പിക്കുന്നത്, പരാജയങ്ങളിലൂടെയാണ് വിജയമോഹന്‍ നേരിനുള്ള അന്വേഷണം ആരംഭിക്കുന്നതും. എങ്കിലും അവസാനമെത്തുമ്ബോള്‍ എല്ലാ നുണകള്‍ക്കും മേല്‍ ‘നേര്’ വിജയം കണ്ടെത്തുന്നുണ്ട്, നായകന്‍ വിജയമോഹനും…!

കേരളത്തെ പിടിച്ചുകുലുക്കിയ കുറ്റകൃത്യത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പതിവില്‍ നിന്നു വിപരീതമായി പ്രതി ആരെന്ന് സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിച്ചുതരുന്നു സംവിധായകന്‍ ജീത്തു ജോസഫ്‌. പീഡനത്തെ അതിജീവിച്ചവള്‍ തോറ്റു പോകുകയും പ്രതി ജയിച്ചു നില്‍ക്കുകയും ചെയ്യുന്നിടത്തേക്കാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി മോഹന്‍ലാലിന്റെ അഡ്വ.വിജയമോഹന്‍ എന്ന കഥാപാത്രം എത്തുന്നത്. നാടെങ്ങും ചര്‍ച്ചയായ കേസ് കോടതിയിലെത്തുകയും തുടര്‍ന്നുണ്ടാകുന്ന വാദപ്രതിവാദങ്ങളുമാണ് നേരിന്റെ പ്രധാന പ്ലോട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരിന്റെ ആദ്യ റിവ്യു റിലീസിനു മുന്‍പ് ജീത്തു ജോസഫ് തന്നെ പറഞ്ഞു കഴിഞ്ഞു. ‘നേര്’ മറ്റൊരു ദൃശ്യമോ, ത്രില്ലറോ അല്ല. ജീത്തു പറഞ്ഞതുപോലെ ഇതൊരു കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയാണ്. കോടതിയിലെ വാദപ്രതിവാദങ്ങള്‍ക്കും പീഡനത്തെ അതിജീവിച്ചവരുടെ മാനസിക വ്യാപാരങ്ങള്‍ക്കുമാണ് സിനിമയില്‍ സ്ഥാനമുള്ളത്. അനാവശ്യ ട്വിസ്റ്റുകളോ സസ്‌പെന്‍സുകളോ സിനിമയില്‍ ഇല്ല. വളരെ ഗൗരവമുള്ള ഒരു വിഷയത്തെ എല്ലാവിധ പ്രേക്ഷകര്‍ക്കും ഉള്‍ക്കൊള്ളാവുന്ന വിധം ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. ജീത്തുവിനൊപ്പം അഭിഭാഷക കൂടിയായ ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമയ്ക്കുള്ള തിരക്കഥയില്‍ ഒരു അഭിഭാഷകയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക