ജയ്പൂര്‍: രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് സംഭവം. കര്‍ണി സേന അധ്യക്ഷനായ സുഖ്‌ദേവ് സിംഗിന് എതിരെ അക്രമികള്‍ രണ്ട് റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സുഖ്‌ദേവ് സിങ് ഗോഗ മേദിയുടെ ജയ്പൂരിലെ വസതിയില്‍, അദ്ദേഹത്തിനൊപ്പം ചായ കുടിച്ച ശേഷമാണ് അക്രമികള്‍ വെടിവച്ചത്.
സംഘം കര്‍ണി സേന അധ്യക്ഷനൊപ്പം ഇരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. തൊട്ടടുത്ത് നിന്ന് അഞ്ചുതവണയെങ്കിലും വെടിവച്ചു. അവസാന ബുള്ളറ്റ് തലയിലാണ് തുളച്ചുകയറിയത്. നേതാവ് ഫോണില്‍ നോക്കുന്ന സമയത്താണ് ചായ കുടിച്ചുകൊണ്ടിരുന്ന അക്രമികള്‍ എഴുന്നേറ്റ് വെടിവയ്ക്കുന്നത്. അംഗരക്ഷകരില്‍ ഒരാള്‍ അക്രമികളെ തടയാൻ ശ്രമിച്ചപ്പോള്‍, അയാള്‍ക്ക് നേരേയും ഏതാനും തവണ വെടിയുതിര്‍ക്കുന്നത് കാണാം.
വെടിവയ്ക്കുന്നതിന് മുമ്ബ് ഏകദേശം 10 മിനിറ്റോളം അക്രമികള്‍ സുഖ്‌ദേവ് സിങ് ഗോഗ മേദിക്കൊപ്പമിരുന്നു. അനക്കമില്ലാതാകുന്നത് വരെ ഗോഗമേദിയെ തുടര്‍ച്ചയായി വെടിവയ്ക്കുന്നതിന്റെ 20 സെക്കന്റ് ക്ലിപ്പാണ് പുറത്തുവന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഗോഗമേദിയെയും രണ്ട് അനുയായികളെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ വച്ചാണ് രജപുത്ര നേതാവ് മരിച്ചതായി പ്രഖ്യാപിച്ചത്.
അക്രമികളില്‍ ഒരാള്‍ തിരിച്ചുള്ള വെടിവയ്പില്‍ കൊല്ലപ്പെട്ടു. മറ്റു രണ്ടുപേര്‍ തോക്ക് കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത ബൈക്കില്‍ രക്ഷപ്പെട്ടു. ലോറൻസ് ബിഷ്‌ണോയി, ഗോള്‍ഡ് ബ്രാര്‍ സംഘങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രോഹിത് ഗോദാര കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഗോഗ മേദി തങ്ങളുടെ ശത്രുക്കളെ പിന്തുണച്ചുവെന്നും അതാണ് കൊലയ്ക്ക് കാരണമെന്നും രോഹിത് ഗോദാര കപുരിസര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
രോഹിത് ഗോദാര ഡല്‍ഹിയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിക്ക് കടന്നത് 2022 ജൂണിലാണ്. ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോള്‍ കാനഡയിലാണെന്നാണ് കരുതപ്പെടുന്നത്. സംഭവം നടക്കുന്നത് ശ്യാം നഗര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ്. വെടിവയ്‌പ്പിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചെന്നാണ് വിവരം.
നേരത്തെ ലോറൻസ് ബിഷ്ണോയി സംഘത്തിലെ സമ്ബത്ത് നെഹ്‌റയില്‍ നിന്ന് സുഖ്ദേവ് സിങ് ഗോഗമേദിക്ക് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ വര്‍ഷം ജൂണില്‍ മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ കര്‍ണി സേനയുടെ പ്രാദേശിക പ്രവര്‍ത്തകനെ കാറില്‍ വെടിയേറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കര്‍ണി സേനയുടെ ജില്ലാ വര്‍ക്കിങ് പ്രസിഡന്റായ 27 കാരനായ മോഹിത് പട്ടേലിന്റെ മൃദേഹമാണ് കനാഡിയ പൊലീസ് സ്റ്റേഷൻ പരിധിയില്‍ വച്ച് കാറില്‍ കണ്ടെത്തിയത്.