സാമ്ബത്തിക ശാസ്ത്രജ്ഞനും നയതന്ത്രജ്ഞനും ധാര്‍മ്മിക ആചാര്യനുമായ ചാണക്യന്‍ എഴുതിയ പുസ്തകമാണ് ചാണക്യനീതി. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായി ഇത് കണക്കാക്കപ്പെടുന്നു. ഭാരത ചരിത്രത്തിലുടനീളം നിരവധി രാജാക്കന്മാരും ചക്രവര്‍ത്തിമാരും ഈ ഗ്രന്ഥത്തിലെ വാക്കുകള്‍ പിന്തുടര്‍ന്നുവന്നിരുന്നു. വിജയത്തിലേക്കുള്ള പാതയില്‍ ഒരാള്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളും അവയെ മറികടക്കാനുള്ള പരിഹാരങ്ങളും ചാണക്യനീതിയില്‍ നല്‍കിയിട്ടുണ്ട്. വിജയം നേടുന്നതിന്, ഈ തത്ത്വങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാനും അതനുസരിച്ച്‌ പ്രവര്‍ത്തിക്കാനും ചാണക്യ നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ വിജയത്തിലേക്കുള്ള പാത ലളിതമാക്കാന്‍ സാധിക്കും.

ജീവിതത്തിന് വളരെ ഉപകാരപ്രദമായ പല കാര്യങ്ങളും ചാണക്യ നിതിയില്‍ പറഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചാണക്യന്‍ രചിച്ച നിതി ശാസ്ത്രത്തിന്റെ പ്രാധാന്യം കുറയാത്തതിന്റെ കാരണം ഇതാണ്. ഇന്നും ആളുകള്‍ ചാണക്യനീതി പഠിക്കുകയും അതില്‍ നിന്ന് പലതും മനസിലാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ പല വശങ്ങളെക്കുറിച്ചും നീതി ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയത്തിന്റെ പടവുകളില്‍ തുടര്‍ച്ചയായി മുന്നേറാന്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് ചാണക്യനീതിയില്‍ ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. ചാണക്യ നിതിയുടെ അഭിപ്രായത്തില്‍, ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍, ഒരു വ്യക്തി ജീവിതത്തില്‍ ഒരിക്കലും പരാജയത്തെ അഭിമുഖീകരിക്കേണ്ടിവരില്ല. വിജയം കൈവരിക്കാന്‍ സഹായകമാകുന്ന ചാണക്യന്റെ ചില തന്ത്രങ്ങള്‍ നമുക്ക് പരിചയപ്പെടാം.

അര്‍പ്പണബോധം: ഒരു സിംഹം ഇരയെ പിടിക്കാന്‍ അതിന്റെ എല്ലാ ശക്തിയും കാണിക്കുന്നതുപോലെ, തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഓരോ വ്യക്തിയും അര്‍പ്പണബോധമുള്ളവരായിരിക്കാന്‍ ചാണക്യന്‍ ഉപദേശിക്കുന്നു. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കൂ. പുരോഗതിയുടെ പാതയിലെ ഏറ്റവും വലിയ തടസ്സം അലസതയാണ്. അതുകൊണ്ട് ജീവിതത്തില്‍ വിജയിക്കുവാന്‍ അലസത വെടിഞ്ഞ് പുരോഗതിയുടെ പാതയില്‍ മുന്നേറുക.

ജോലിയില്‍ ശ്രദ്ധിക്കുക: ഒരു വ്യക്തി വിജയം നേടുന്നതിന് അവന്റെ ജോലിയില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കണം. ചാണക്യന്റെ അഭിപ്രായത്തില്‍, മനസ്സ് ഏകാഗ്രമാകാത്തപ്പോള്‍ ജോലിയില്‍ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ സംഭവിക്കുന്നു. ജീവിത വിജയത്തിനായി നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കഠിനാധ്വാനത്തോടെ മുന്നേറണം.

സമയത്തിന്റെ പ്രാധാന്യം: വിജയം നേടുന്നതിനായി സമയത്തെ വിലമതിക്കേണ്ടതിന്റെ പ്രാധാന്യം ചാണക്യന്‍ ഊന്നിപ്പറയുന്നു. സമയത്തിന് പ്രാധാന്യം നല്‍കാത്തവര്‍ ജീവിതത്തില്‍ പരാജയപ്പെടുമെന്ന് അദ്ദേഹം പറയുന്നു. ഏത് കാര്യവും സമയത്തിന് ചെയ്യണം. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാത്ത വസ്തുവാണ് സമയം.

നല്ല സൗഹൃദം: നെഗറ്റീവ് ചിന്താഗതിയുള്ള ആളുകള്‍ നിങ്ങളുടെ വിജയത്തെ തടസ്സപ്പെടുത്തും. അതേസമയം പോസിറ്റീവ് ചിന്തയുള്ള ആളുകള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍, പോസിറ്റീവ് ചിന്ത വളര്‍ത്തുന്നവരുമായി സൗഹൃദം നിലനിര്‍ത്താന്‍ ചാണക്യന്‍ ഉപദേശിക്കുന്നു.

ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്: ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഏതെങ്കിലും പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞാല്‍, അവന്‍ ഒരിക്കലും പരാജയത്തെ ഭയപ്പെടരുത്. ആ ജോലി പാതിവഴിയില്‍ ഉപേക്ഷിക്കരുത്. എല്ലായ്‌പ്പോഴും തന്റെ ജോലി സത്യസന്ധമായി ചെയ്യുന്ന വ്യക്തികള്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും വിജയിക്കുന്നു.

അവസരം പാഴാക്കരുത്: ചാണക്യ നീതിയുടെ അഭിപ്രായത്തില്‍, ഒരു വ്യക്തി അവസരം ലഭിക്കുമ്ബോള്‍ തന്റെ കഴിവ് കാണിക്കണമെന്ന് പറയുന്നു. അവസരം കിട്ടുമ്ബോള്‍ അലസത കാണിക്കുന്നവര്‍ക്ക് പിന്നീട് ദുഖിക്കേണ്ടിവരും. അത്തരം ആളുകള്‍ അവരുടെ ജീവിതകാലം മുഴുവന്‍ ഖേദിക്കുന്നു. ഒരു വ്യക്തി എപ്പോഴും ഏത് അവസരവും നേരിടാന്‍ തയ്യാറായിരിക്കണം. ഈ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന വ്യക്തി ജീവിതത്തില്‍ ഒരിക്കലും പരാജയം നേരിടില്ല, വിജയം അവനെ പിന്തുടരുന്നു.

സത്യം പറയുന്നവന്‍ എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു: ചാണക്യന്റെ അഭിപ്രായത്തില്‍, നുണ പറയുന്ന വ്യക്തികള്‍ക്ക് സമൂഹത്തില്‍ അപമാനം ലഭിക്കുന്നു, കാരണം കള്ളത്തരം ആരും തന്നെ ഇഷ്ടപ്പെടുന്നില്ല. അത്തരക്കാര്‍ക്ക് കള്ളം പറഞ്ഞ് കുറച്ച്‌ ദിവസത്തേക്ക് അവരുടെ കാര്യങ്ങല്‍ തീര്‍ച്ചയായും നേടാനാകും, പക്ഷേ ഒരു ദിവസം അല്ലെങ്കില്‍ മറ്റൊരുനാള്‍ അവര്‍ പിടിക്കപ്പെടും. സത്യം പറയുന്നവന്‍ വൈകിയാണെങ്കിലും ജീവിതത്തില്‍ വിജയം നേടും. അത്തരക്കാര്‍ക്ക് സമൂഹത്തില്‍ വലിയ ബഹുമാനവും ലഭിക്കും.

ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരിക്കലും മടിക്കരുത്: ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയും തന്റെ മനസ്സില്‍ ഓടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാന്‍ ഒരിക്കലും മടിക്കേണ്ടതില്ല. മടിയുള്ള ആളുകള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം മടിയുള്ള ആളുകള്‍ക്ക് അറിവ് ലഭിക്കില്ല, അവര്‍ ജീവിതത്തിലുടനീളം അജ്ഞരായി തുടരുന്നു.

കോപത്തില്‍ നിന്ന് അകലം പാലിക്കുക: ആചാര്യ ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രു അവന്റെ കോപമാണ്. കോപത്തില്‍, ഒരു വ്യക്തിയുടെ ചിന്താശേഷിയും മനസ്സിലാക്കാനുള്ള കഴിവും പൂര്‍ണ്ണമായും നഷ്ടപ്പെടും. അതിനാല്‍ ഒരു വ്യക്തി എപ്പോഴും കോപത്തില്‍ നിന്ന് അകലം പാലിക്കണം. ഏത് കാര്യത്തെയും ശാന്തതയോടെ സമീപിക്കണം.

മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുക: മറ്റുള്ളവര്‍ വരുത്തിയ തെറ്റുകളില്‍ നിന്ന് പഠിക്കുകയും ആ തെറ്റുകളില്‍ ശ്രദ്ധാലുവായിരിക്കുന്നതിലൂടെ പുതിയത് പഠിക്കുകയും ചെയ്യുക. ഇത് പ്രായത്തി നിങ്ങളെ ജീവിതത്തില്‍ ബുദ്ധിമാനും വിജയിയുമാക്കും.

ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്: ഭാഗ്യത്തെ മാത്രം ആശ്രയിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും സങ്കടങ്ങള്‍ നേരിടേണ്ടിവരും. അതുകൊണ്ട് ഒരിക്കലും ഭാഗ്യത്തെ മാത്രം ആശ്രയിക്കരുത്. കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയും നിങ്ങളുടെ വിജയം ഉറപ്പാക്കാന്‍ ശ്രമിക്കുക.

source: boldsky.com

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക