സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മട്ടന്നൂര്‍ എം.എല്‍.എയുമായ കെ.കെ. ശൈലജയെ വേദിയിലിരുത്തി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടന്നൂര്‍ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുമ്ബോഴാണ് അധ്യക്ഷത വഹിച്ച കെ.കെ. ശൈലജയുടെ പ്രസംഗത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

‘നിങ്ങളെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ബഹുമാന്യയായ അധ്യക്ഷക്ക് കുറേ സംസാരിക്കണമെന്ന് തോന്നി. പ്രസംഗം കുറച്ച്‌ കൂടുതലായിപ്പോയി. അതിനാല്‍, എന്റെ പ്രസംഗം ഇവിടെ ചുരുക്കുകയാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരും മന്ത്രിമാരുമായി 21 പേരുണ്ടെങ്കിലും മൂന്നുപേര്‍ സംസാരിക്കാമെന്നാണ് നേരത്തേ തീരുമാനിച്ചത്. ആ ക്രമീകരണത്തിന് ഇവിടെ കുറവുവന്നതായും അധ്യക്ഷയുടെ പേര് പരാമര്‍ശിക്കാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.കെ. ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭ മുൻ ചെയര്‍മാനുമായ കെ. ഭാസ്കരനുനേരെയും മുഖ്യമന്ത്രിയുടെ ഒളിയമ്ബുണ്ടായി. ‘നേരത്തേ സ്വകാര്യ സംഭാഷണത്തില്‍ ഭാസ്‌കരന്‍ മാഷ് എന്നോട് ചോദിച്ചു, എങ്ങനെയുണ്ട് പരിപാടിയെന്ന്. വലിയൊരു പരിപാടിയാണെന്ന് ഞാന്‍ പറയുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. വലിയ വലിയ പരിപാടികളൊക്കെ കണ്ട് ഇതൊരു വലിയ പരിപാടിയായി തോന്നുന്നില്ലെന്ന്’ മറുപടി പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തിന് വലിയ സ്വാധീനമില്ലാത്ത മഞ്ചേശ്വരത്തുപോലും വലിയ ആള്‍ക്കൂട്ടമുണ്ടായ കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കെ.കെ. ശൈലജയുടെ അധ്യക്ഷ പ്രസംഗവും മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രസംഗവും കഴിഞ്ഞശേഷമാണ് മുഖ്യമന്ത്രി വേദിയിലെത്തിയതെന്നതാണ് ഏറെ കൗതുകകരം. മന്ത്രിമാരായ കെ. രാജനും അഹമ്മദ് ദേവര്‍കോവിലും സംസാരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക