വയനാട് ജില്ലയിലെ വെണ്ണിയോട് പുഴയില്‍ യുവതിയും മകളും മരിച്ച സംഭവത്തിലെ പ്രതിയും, യുവതിയുടെ ഭര്‍ത്താവുമായ ഓംപ്രകാശ് (38) അതേ പുഴയില്‍ ചാടി ജീവനൊടുക്കി. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റില്‍ അനന്തഗിരിയില്‍ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശന (32), മകള്‍ അഞ്ചു വയസ്സുകാരി ദക്ഷ എന്നിവര്‍ ജൂലൈ 13 ന് ആയിരുന്നു വീടിന് സമീപത്തെ പുഴയില്‍ ചാടി ജീവനൊടുക്കിയത്. ഭര്‍തൃ വീട്ടുകാരുടെ പീഡനത്തെ തുടര്‍ന്ന് ദര്‍ശനയും കുഞ്ഞും ആത്മഹത്യ ചെയ്തതായിരുന്നു ദര്‍ശനയുടെ കുടുംബത്തിന്റെ ആരോപണം.
കുടുംബത്തിന്റെ പരാതിയില്‍ ഓംപ്രകാശിനും, പിതാവ് ഋഷഭരാജനുമെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും റിമാന്‍റിലായി. അടുത്തിടെയാണ് ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച രാവിലെ ഓംപ്രകാശിന്റെ സ്‌കൂട്ടറും കീടനാശിനി കുപ്പിയും വെണ്ണിയോട് പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ നാട്ടുകാരും പള്‍സ് എമര്‍ജന്‍സി ടീമും പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ഓംപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്.
2023 ജൂലൈ 13ന് ആണ് കണിയാമ്ബറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്ബതികളുടെ മകള്‍ ദര്‍ശന(32) അഞ്ചുവയസുകാരിയായ മകള്‍ ദക്ഷയുമായി പുഴയില്‍ ചാടി ജീവനൊടുക്കിയത്. നിരന്തരമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദര്‍ശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. 2016 ഒക്ടോബര്‍ 23നായിരുന്നു ദര്‍ശനയും ഓം പ്രകാശും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നു മകള്‍ക്ക് നിരന്തരം കൊടിയ പീഡനം ഏറ്റിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. ആറര വര്‍ഷത്തോളം നീണ്ട കൊടിയ മാനസിക ശാരീരിക പീഡനങ്ങളെ തുടര്‍ന്നാണ് ദര്‍ശന ജീവനൊടുക്കിയതെന്നുമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.