ഹൈക്കോടതി വിൽപ്പന തടഞ്ഞതിനെ തുടർന്ന് ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സഹകരിച്ചാണ് അരവണ നശിപ്പിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അരവണയുടെ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

അരവണ എങ്ങനെ നശിപ്പിക്കക്കണമെന്നും എവിടെ വെച്ച് നശിപ്പിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും തീരുമാനിക്കാം. ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് ശബരിമലയിൽ കെട്ടിക്കിടക്കുന്നത്. 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടായെന്ന് ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ പി.എസ്. സുധീറും ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി മുതൽ ഈ അരവണ ടിന്നുകൾ ശബരിമലയിലെ വിവിധ ഗോഡൗണുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഉത്പാദിപ്പിച്ച ശേഷം രണ്ടുമാസം കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഭകതർക്ക് വിൽക്കില്ലെന്ന് ബോർഡ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.’വാണിജ്യ താത്പര്യമുള്ള വിഷയങ്ങളിൽ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നു’അരവണയുടെ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. വാണിജ്യ താത്പര്യമുള്ള വിഷയങ്ങളിൽ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ പി.എസ്. നരസിംഹ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഏലയ്ക്കയുടെ കരാർ ലഭിക്കാത്ത വ്യക്തി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടൽ എന്നും കോടതി ചൂണ്ടിക്കാട്ടി.

ഗംഗാനദിയിലെ വെള്ളം മലിനം ആയിരിക്കാം. എന്നാൽ അതിൽ മുങ്ങി കുളിക്കുമ്പോൾ പുണ്യം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു. പ്രസാദവും അത് പോലെയാണ്. ഇതൊക്കെ വിശ്വാസങ്ങളുടെ ഭാഗം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരാധനാലയങ്ങളിൽ വിതരണം ചെയ്യുന്ന പ്രസാദങ്ങൾ എല്ലാം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഒരു മാർഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിസ്റ്റർ ജനറൽ പി.എസ്. നടരാജൻ ഹാജരായി. ഹൈക്കോടതിയിലെ ഹർജിക്കാരായ അയ്യപ്പ സ്പൈസസിന് വേണ്ടി അഭിഭാഷകൻ എം.ആർ. അഭിലാഷ് ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക