നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തുന്നു. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലില്‍ – 12 കേന്ദ്രങ്ങളില്‍. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. ദില്ലിയില്‍ നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തില്‍ എത്തിയിട്ടുണ്ട്.

പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂര്‍ത്തിയാക്കി എന്‍ഐഎ ഉദ്യോഗസ്ഥര്‍ മടങ്ങി. മാസങ്ങള്‍ക്ക് മുന്‍പ് രാജ്യവ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ സമാനമായ രീതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്‌ഐ നിരോധിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍ഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തമായി കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കല്‍, നെടുമങ്ങാട്, പള്ളിക്കല്‍. എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുകയാണ്. പി.എഫ്.ഐ മുന്‍ തിരുവനന്തപുരം സോണല്‍ പ്രസിഡന്‍്റ് നവാസ് തോന്നയ്ക്കല്‍, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സുല്‍ഫി വിതുര, പിഎഫ്‌ഐ പ്രവര്‍ത്തകന്‍ പള്ളിക്കല്‍ ഫസല്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എന്‍.ഐ.എ ഡിവൈഎസ്പി ആര്‍.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന.കൊല്ലം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എന്‍.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയില്‍ സിദ്ദീഖ് റാവുത്തര്‍ എന്നയാളുടെ വീട്ടലാണ് പരിശോധന.

പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ്‌ റാഷിദിന്റെ വീട്ടില്‍ പരിശോധന നടക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി. പത്തനംതിട്ടയില്‍ റെയ്ഡ് നടക്കുന്ന വീടുകളില്‍ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂര്‍ പഴകുളത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിന്റെ വീട്ടിലാണ് പരിശോധന. കോട്ടയം കാഞ്ഞിരപ്പള്ളിയിലും എന്‍.ഐ.എ റെയ്ഡ് നടക്കുകയാണ്. നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീര്‍ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കേരളാ പൊലീസിന്റെ സാന്നിധ്യത്തിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും എന്‍ഐഎയുടെ പരിശോധന നടക്കുകയാണ്.

മൂവാറ്റുപുഴയില്‍ പി.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയില്‍ ഏഴ് കേന്ദ്രങ്ങളിലാണ് പരിശോധന. ചിലയിടങ്ങളില്‍ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ഓഫീസുകളും എന്‍ഐഎ സംഘം തുറന്നുപരിശോധിച്ചു. മലപ്പുറത്തും പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന തുടരുകയാണ്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുന്‍പ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ൺ ഒഎംഎ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും റെയ്ഡ് നടന്നു.

ഒരേ സമയം മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് നടക്കുകയാണ്. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്തും എന്‍ഐഎ പരിശോധന നടക്കുകയാണ്. നാസര്‍ മൗലവി എന്ന വ്യക്തിയുടെ വീട്ടിലാണ് റെയ്ഡ്. മലപ്പുറം സോണല്‍ പ്രസിഡന്റ്‌ ആയിരുന്നു നാസര്‍ മൗലവി. ഇദ്ദേഹം നാട്ടിലിലെന്നും വിദേശത്താണെന്നുമാണ് വിവരം. കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവര്‍ത്തകന്‍ നൗഷാദിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എന്‍ഐഎ പരിശോധന നടത്തി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക