ആസൂത്രണ കമ്മീഷനിലേക്ക് കേരള കോൺഗ്രസ് പ്രതിനിധിയായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചതുമായി ബന്ധപ്പെട്ട പാർട്ടിക്കുള്ളിൽ ആക്ഷേപം ശക്തമാകുന്നു. പ്രാദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് ഇത്തരമൊരു തീരുമാനം പാർട്ടി ചെയർമാൻ കൈക്കൊണ്ടത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ മരുമകനും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസിൻറെ അടുപ്പക്കാരനാണ് പ്രശസ്ത യാത്രാവിവരകൻ കൂടിയായ സന്തോഷ് ജോർജ് കുളങ്ങര. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് ലേബലിൽ പിൻവാതിലിലൂടെ സിപിഎമ്മിന് താല്പര്യം ഉള്ള ആളെ ആസൂത്രണ കമ്മീഷൻ എത്തിക്കുകയായിരുന്നു എന്ന ആരോപണവും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നുണ്ട്.

പാർട്ടി നേതാക്കൾ പുറത്ത്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രൊഫഷണൽ സമീപനത്തിൽ ഏക പാർട്ടി വഴിമാറുന്നു എന്നുപറഞ്ഞ് പാർട്ടിക്ക് കിട്ടുന്ന വിവിധ സ്ഥാനമാനങ്ങളിലേക്ക് സജീവ പാർട്ടി പ്രവർത്തകർ അല്ലാത്തവരെയും, മറ്റു മേഖലകളിലുള്ള പാർട്ടിയുമായി ബന്ധമില്ലാത്ത ആളുകളെയും നിയമിക്കുന്നു എന്ന പരാതി പാർട്ടി നേതാക്കൾക്കിടയിൽ ശക്തമാകുകയാണ്. കെഎം മാണി പാർട്ടിയിലുള്ള നേതാക്കൾക്ക് ആണ് ഇത്തരം പദവികളിൽ സ്ഥിരമായി പരിഗണന നൽകിയിരുന്നത്. എന്നാൽ ജോസ് കെ മാണി നേതൃത്വത്തിലെത്തിയതോടു കൂടി കാര്യങ്ങൾ പാടെ മാറി മറിഞ്ഞു. പാർട്ടിക്ക് പ്രൊഫഷണൽ മുഖം നൽകും എന്ന അദ്ദേഹത്തിൻറെ പ്രഖ്യാപനവും പിന്നാലെ നിർണായക പദവികളിലേക്ക് നടക്കുന്ന നിയമനങ്ങളിലും പാർട്ടി നേതാക്കൾ അവഗണിക്കപ്പെടുകയാണ്.

പി എസ് സി നിയമനത്തിന് പിന്നാലെ ആസൂത്രണ കമ്മീഷൻ നിയമനവും:

ഭരണത്തിലേറിയ ആദ്യനാളുകളിൽ തന്നെ പിഎസ്‌സി അംഗത്വം കേരള കോൺഗ്രസ് പാർട്ടിക്ക് ലഭിച്ചിരുന്നു. ആ പദവിയിലേക്ക് പാർട്ടി നിയമിച്ചത് മലയാള മനോരമ മുൻ സീനിയർ സബ് എഡിറ്റർ കൂടിയായ ബോണി കുര്യാക്കോസിനെയാണ്. വിദ്യാർത്ഥിയായിരുന്ന കാലത്ത് പാലാ കടപ്ലാമറ്റം സ്വദേശിയായിരുന്ന ഇദ്ദേഹത്തിന് കേരള കോൺഗ്രസ് യുവജന സംഘടനകളിൽ പ്രവർത്തിച്ച ബന്ധം മാത്രമാണ് പാർട്ടിയുമായി ഉള്ളത്. സജീവരാഷ്ട്രീയത്തിൽ നിന്ന് മാറി ദീർഘകാലമായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ കേരള കോൺഗ്രസ് നോമിനിയായി പബ്ലിക് സർവീസ് കമ്മീഷനിൽ എത്തിച്ചതിനെ ചൊല്ലി അണികൾക്കിടയിലും നേതാക്കൾക്കിടയിലും അതൃപ്തി ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സന്തോഷ് ജോർജ് കുളങ്ങരയും പിൻവാതിൽ നിയമനം നേടുന്നത്. പാർട്ടി നേതൃത്വങ്ങളിൽ ഉള്ളവരോട് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്താണ് കെഎംമാണി എല്ലായ്പ്പോഴും തീരുമാനം എടുത്തിരുന്നത്. എന്നാൽ ജോസ് കെ മാണി കൈക്കൊള്ളുന്നത് ഒരു ഏകാധിപത്യ സമീപനമാണ് എന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. പാർട്ടിയുടെ മുതിർന്ന നേതൃനിരയിൽ ഉള്ള ആളുകളോട് പോലും ഒരു വിഷയങ്ങളും ചർച്ച ചെയ്യുന്നില്ല എന്നും ആക്ഷേപമുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയുടെ പിതാവും ലേബർ ഇന്ത്യ ഗ്രൂപ്പിൻറെ ചെയർമാനുമായ ജോർജ് കുളങ്ങര വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണ്. ഇതിനെച്ചൊല്ലിയും പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. സിപിഎം നേരിട്ട് നിയമിച്ചാൽ ബിജെപി ബന്ധം ആക്ഷേപിക്കും എന്ന സാധ്യതയും കൂടി പരിഗണിച്ച് ആവണം മുഹമ്മദ് റിയാസ് തൻറെ അടുപ്പക്കാരനെ കേരള കോൺഗ്രസ് വഴി ആസൂത്രണ കമ്മീഷനിൽ എത്തിച്ചത്.

പാർട്ടിക്ക് എന്ത് ഗുണം?

മുൻപ് യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് കേരള കോൺഗ്രസ് പ്രതിനിധിയായി ആസൂത്രണ കമ്മീഷനിൽ സ്ഥാനം നേടിയത് കെഎം മാണിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന പാലാ സ്വദേശിയും ബാങ്കിംഗ് / കാർഷിക / സാമ്പത്തിക വിദഗ്ദനും സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷന്റെ ഡയറക്റും ഗ്രന്ഥകർത്താവുമായ ശ്രീ ജയിംസ് വടക്കൻ ആയിരുന്നു. ഇത്തരത്തിൽ പാർട്ടി നേതാക്കളോടും പാർട്ടിയോടും വിധേയത്വമുള്ള, കൃത്യവും പ്രകടവും ആയ രാഷ്ട്രീയം ഉള്ള ആളുകളെ നിയമിച്ചിരുന്ന സ്ഥാനത്തേക്കാണ് തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ഒരു ബന്ധവുമില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന സന്തോഷ് ജോർജ് കുളങ്ങര യെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇത്തരമൊരു നിയമനം പാർട്ടിക്ക് ഏതു വിധത്തിലാണ് ഗുണകരമാകുക എന്ന ചോദ്യമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുതന്നെ ഉയർന്നുവരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക