വിജയസാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തോട് പങ്കുവച്ച്‌ കോട്ടയം ജില്ലയിലെ പ്രധാന നേതാക്കള്‍. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കോട്ടയം പാര്‍ലമെന്‍റ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. ജോസഫ് ഗ്രൂപ്പില്‍ പാര്‍ലമെന്‍റ് ജയത്തിന് പ്രാപ്തനായ സ്ഥാനാര്‍ഥി ഇല്ലെന്ന വികാരമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പങ്കുവയ്ക്കുന്നത്.

ഒരു വര്‍ഷം പഴക്കമുളള പിണക്കമെല്ലാം മറന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ കോട്ടയം ഡിസിസി ഓഫിസിലേക്ക് ക്ഷണിക്കുന്ന പ്രസിഡന്‍റ് നാട്ടകം സുരേഷ്, തരൂരിനെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി.ജോസഫും, ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം എന്നിങ്ങനെ കോട്ടയത്ത് കോൺഗ്രസിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടു കൂടി വലിയ ഐക്യത്തിന്റെ കാഴ്ചകളാണ് കാണാൻ കഴിയുന്നത്. ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പേരിലും വ്യക്തി താല്‍പര്യങ്ങളുടെ പേരിലും പല ചേരികളുളള കോട്ടയത്തെ കോണ്‍ഗ്രസില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചര്‍ച്ചകളില്‍ ഏതാണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം വിജയസാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന കാര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്. മുന്നണിയില്‍ വിവാദങ്ങള്‍ ഉയരുമെന്നതിനാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ തല്‍ക്കാലം ആരും തയാറല്ലെന്ന് മാത്രം. പിളര്‍പ്പിന് മുമ്ബുളള കേരള കോണ്‍ഗ്രസിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് കൊടുത്തതെന്നതിനാല്‍ സീറ്റിന്‍റെ കാര്യത്തിലെ ജോസഫ് ഗ്രൂപ്പിന്‍റെ അവകാശവാദങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍.

മുന്നണി മര്യാദയുടെ പേരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ ജോസഫിന് കൊടുത്ത് നഷ്ടപ്പെടുത്തിയ സ്ഥിതി പാര്‍ലമെന്‍റില്‍ ആവര്‍ത്തിക്കരുതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നു. സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കും മുമ്ബ് ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. അടുത്ത വര്‍ഷം ഒഴിവു വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജോസഫ് ഗ്രൂപ്പില്‍ നിന്ന് ലോക്സഭ സീറ്റ് ഏറ്റെടുക്കണമെന്ന നിര്‍ദേശം പോലും കോട്ടയത്തു നിന്ന് കെപിസിസി നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടുണ്ട്.

സീറ്റ് കോൺഗ്രസിന് എങ്കിൽ കൈപ്പത്തിയിൽ ആരെത്തും?

ഇനി സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ തന്നെ ആരു മത്സരിക്കണം എന്ന കാര്യത്തിലും തീരുമാനം അത്ര എളുപ്പമാവില്ല. കോൺഗ്രസ് ഏറ്റെടുത്താൽ ജാതിമത സമവാക്യങ്ങൾ കൂടി പരിഗണിച്ചാവും സ്ഥാനാർഥി നിർണയം. യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു, ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്, കെപിസിസി അംഗം ടോമി കല്ലാനി, ഐ ഗ്രൂപ്പിലെ പ്രമുഖൻ ജോസഫ് വാഴക്കൻ, കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, കെപിസിസി അംഗം അജീസ് ബെൻ മാത്യു, മുൻ ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, മുതിർന്ന നേതാവ് കെ സി ജോസഫ് എന്നിങ്ങനെ ഒരുപറ്റം നേതാക്കളെ ജില്ലയ്ക്കുള്ളിൽ നിന്ന് തന്നെ പരിഗണിക്കാൻ കോൺഗ്രസിനുണ്ട്. യൂത്ത് കോൺഗ്രസ് സീറ്റാവശ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഏതെങ്കിലും നേതാവു വന്നു മത്സരിക്കാനുള്ള സാഹചര്യവും ഇല്ലായ്കയില്ല. സ്ഥാനാർത്ഥി ആകാൻ യോഗ്യതയുള്ളവരുടെ ബാഹുല്യം മാത്രമായിരിക്കും കോൺഗ്രസിന് കോട്ടയം സീറ്റ് എടുത്താൽ മുന്നിൽ നേരിടാനുള്ള ഏക വെല്ലുവിളി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക