എറണാകുളം : ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയില്‍ മനുഷ്യൻ പക്ഷികളെ പോലെ ആകാശത്ത് പറക്കുന്നതും മത്സ്യങ്ങളെ പോലെ നീന്തി തുടിക്കുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാല്‍ മനുഷ്യന് വായുവിലൂടെ പറക്കാൻ കഴിയുന്ന ജെറ്റ് സ്യൂട്ടുകള്‍ നമ്മുടെ രാജ്യത്ത് വേണ്ടത്ര പ്രചാരത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ പൊതു ജനങ്ങള്‍ക്കും ഗ്രാവിറ്റി ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്‍റെ പ്രദര്‍ശനം നേരിട്ട് കാണാൻ അവസരമൊരുങ്ങി (Gravity Jet Suit Display In Kochi).

സൈബര്‍ സുരക്ഷ ചര്‍ച്ച ചെയ്യുന്ന പൊലീസ് കൊക്കൂണ്‍ സമ്മേളനത്തിന്‍റെ ഭാഗമായാണ് ജെറ്റ് സ്യൂട്ടില്‍ മനുഷ്യൻ പറക്കുന്നതിന്‍റെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ലോകത്ത് ആദ്യമായി ജെറ്റ് സ്യൂട്ടുകള്‍ നിര്‍മിക്കുകയും വിജയകരമായി മനുഷ്യനെ വായുവിലൂടെ പറത്തുകയും ചെയ്‌ത ഗ്രാവിറ്റി ഇൻഡസ്ട്രീസിന്‍റെ ട്രെയ്‌നറും പൈലറ്റുമായ പോള്‍ ജോണ്‍സാണ് (Gravity Industry Trainer Paul Johnson) ജെറ്റ് സ്യൂട്ട് ധരിച്ച്‌ പറന്നത് (Jet Suit Display).

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാതടപ്പിക്കുന്ന ശബ്‌ദത്തില്‍ ഗ്രാന്‍റ് ഹയാത്തിന്‍റെ ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും പറന്നുയര്‍ന്ന പോള്‍ ജോണ്‍സ് കൊച്ചി കായലിന്‍റെ മുകളിലൂടെ ഗോശ്രീ പാലത്തില്‍ തൊട്ട് നാല് മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഗ്രൗണ്ടില്‍ നിന്നും ഉയര്‍ന്ന് പൊങ്ങുന്നതും പറക്കുന്നതും ശ്വാസം അടക്കി പിടിച്ച്‌ നോക്കി നിന്ന കാഴ്‌ചക്കാര്‍ സുരക്ഷിതമായി ജോണ്‍ പോള്‍ ഗൗണ്ടില്‍ പറന്നിറങ്ങിയതോടെ കരഘോഷമുയര്‍ത്തി. പറക്കുന്നതിനിടെ തന്നെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്യാനും പോള്‍ ജോണ്‍സ് മറന്നില്ല (First Jet Suit Display In India).

ജെറ്റ് ഇന്ധനമാണ് ജെറ്റ് സ്യൂട്ടില്‍ ഉപയോഗിച്ചത്. എന്നാല്‍ ജെറ്റ് ഇന്ധനം മാത്രമല്ല മറ്റുള്ളവയിലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. 18 ലിറ്റര്‍ ഇന്ധനം ശേഖരിക്കാനുള്ള ശേഷിയാണ് ഈ സ്യൂട്ടിനുള്ളത്. നാലര മിനിറ്റ് സമയം വരെയാണ് ഇതിന് നിര്‍ത്താതെ പറക്കാന്‍ കഴിയുക.

2017 ല്‍ നിലവില്‍ വന്ന, റിച്ചാര്‍ഡ് ബ്രൗണിങ് സ്ഥാപിച്ച ഗ്രാവിറ്റി ഇൻഡസ്‌ട്രീസ് കമ്ബനിയാണ് ജെറ്റ്‌ സ്യൂട്ട് എന്ന ആശയം നടപ്പിലാക്കിയത്. ഗ്രാവിറ്റി ഇൻഡസ്‌ട്രീസിന്‍റെ സ്ഥാപകനും ചീഫ് ടെസ്റ്റ് പൈലറ്റുമായ റിച്ചാര്‍ഡ് ബ്രൗണിങ്ങിന്‍റെ ആശയമാണ് ലോകത്ത് ആദ്യത്തെ പേറ്റന്‍റ് ലഭിക്കുന്നതിലേക്ക് ജെറ്റ്‌ സ്യൂട്ടിനെ വളര്‍ത്തിയത്.

ലോകമെമ്ബാടുമുള്ള 44 രാജ്യങ്ങളിലായി 205 ലധികം വാണിജ്യ ഫ്ലൈറ്റ് ഇവന്‍റുകള്‍ ഈ സ്ഥാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജെറ്റ്‌ സ്യൂട്ട് ഫ്ലൈയിങ്ങില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. അവരില്‍ ഒരാള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറാണ്. ഗ്രാവിറ്റി ജെറ്റ്‌ സ്യൂട്ടുകള്‍ വിവിധ വിനോദങ്ങള്‍ക്കും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.

പ്രതിരോധം, സെര്‍ച്ച്‌ ആൻഡ് റെസ്ക്യൂ ഓപ്പറേഷൻസ്, നിയമ നിര്‍വഹണം എന്നീ മേഖലകളിലെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഭാവിയില്‍ ദുരന്ത മുഖത്തും കുറ്റാന്വേഷണ രംഗത്തും ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്ന സന്ദേശം നല്‍കിയാണ് കേരള പൊലീസ് കൊക്കൂണ്‍ സമ്മേളനത്തിന്‍റെ ഭാഗമായി ജെറ്റ് സ്യൂട്ട് പ്രദര്‍ശിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക