വാഹനവിപണി ഇവിയിലേക്ക് അതിവേഗത്തിലാണ് മാറുന്നത്. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം തങ്ങളുടെ ഇവികളിറക്കി കളം പിടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വാഹനനിര്‍മാതാക്കളായ മാരുതി അപ്പോഴും ഇവിയുമായി രംഗത്തെത്തിയിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി തങ്ങളുടെ ആദ്യ ഇവിയായ ഇവിഎക്‌സ് പതിപ്പ് അവതരിപ്പിച്ചത്.

മാരുതിയുടെ ആദ്യ ഇവി ആയതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോയില്‍ ഇവിഎക്‌സ് ശ്രദ്ധയാകര്‍ഷിച്ചു. വാഹനത്തിന്‍റെ ബാഹ്യ ഡിസൈൻ മാത്രമാണ് മാരുതി ഓട്ടോ എക്‌സ്‌പോയില്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ഇലക്‌ട്രിക് വമ്ബനെ കുറിച്ച്‌ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുയാണ് മാരുതി. ചെറിയ പരിഷ്‌കാരങ്ങളോടെ ജപ്പാനില്‍ നടക്കുന്ന ഓട്ടോ ഷോയില്‍ വാഹനത്തിന്റെ ആഗോള പ്രദര്‍ശനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.വരാനിരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോ 2023-ല്‍ ഇവിഎക്‌സിന്റെ ഇന്റീരിയര്‍ ആദ്യമായി പ്രദര്‍ശിപ്പിക്കും. ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്‌ട്രിക് എസ്‌യുവിയാണ് ഇവിഎക്‌സ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫുള്‍ ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള ഡ്യുവല്‍ സ്‌ക്രീൻ സജ്ജീകരണം, ഫളാറ്റ്-ബോട്ടമുള്ള സ്‌പോര്‍ട്ടി സ്റ്റിയറിംഗ് വീല്‍, റൗണ്ട് ഡയല്‍, ടച്ച്‌ പാനല്‍ എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 kWh ലിഥിയം അയണ്‍ ബാറ്ററി പായക്ക് ആയിരിക്കും വാഹനത്തിലുണ്ടാകുക എന്ന് കമ്ബനി നേരത്തെ പറഞ്ഞതാണ്. ഇതില്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നാണ് ഇനി അറിയേണ്ടത്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നുമാണ് കമ്ബനിയുടെ അവകാശവാദം.

രാജ്യത്തിന് ഇലക്‌ട്രിക് കാറുകളല്ല ആവശ്യം മറിച്ച്‌ എഥനോള്‍, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് മാരുതി സുസുക്കി ചെയര്‍മാൻ ആര്‍സി ഭാര്‍ഗവ അടുത്തിടെ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കല്‍ക്കരിയില്‍ നിന്നാണ് നിര്‍മ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്. ഇതിനിടെയിലാണ് ഇവി വിപണിയില്‍ മത്സരിക്കാൻ മാരുതി കളത്തിലിറങ്ങുന്നത്. ഇലക്‌ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കി ഇവിഎക്‌സ് ഇന്ത്യൻ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക