എല്ലാ സ്കൂള്‍അധ്യാപകര്‍ക്കും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റം വരുന്നു. ഇതുസംബന്ധിച്ച്‌ നിയമസഭാ സമിതി സര്‍ക്കാരിന് റിപ്പോര്‍‌ട്ട് സമര്‍പ്പിച്ചു. കെ.കെ. ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ എസ്റ്റിമേറ്റ് സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയിലാണ് ഇക്കാര്യമുള്ളത്. കഴിവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാൻ നിര്‍ബന്ധിത സ്ഥലംമാറ്റം സഹായിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കുമാത്രമാണ് നിര്‍ബന്ധിത സ്ഥലംമാറ്റമുള്ളത്. ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്ക് മൂന്നുവര്‍ഷം കൂടുമ്ബോള്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റമുണ്ടാവും. എല്‍.പി., യു.പി., ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സ്ഥലംമാറ്റംനടത്തുന്നത് പരിഗണിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധ്യാപകതസ്തികകളിലെ പ്രശ്നങ്ങളും സമിതി പരിശോധിച്ചു. ഈ അധ്യയനവര്‍ഷംതന്നെ തസ്തികനിര്‍ണയംനടത്തി ഇംഗ്ലീഷ് അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ നിയമനംനടത്താനാണ് ശുപാര്‍ശ. കായികവിദ്യാഭ്യാസത്തിനും നടപടിവേണം.കംപ്യൂട്ടര്‍, ഐ.ടി. പഠനത്തിന് സെക്കൻഡറിതലത്തിലും സ്ഥിരാധ്യാപകരെ നിയമിക്കുന്നത് പരിശോധിക്കണം. പ്ലസ്‌വണ്‍ സീറ്റുകളുടെ പ്രശ്നംപരിഹരിക്കാൻ ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ. സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ള പ്രദേശങ്ങളിലേക്ക് പുനഃക്രമീകരിക്കാനുള്ള സാധ്യത തേടണം. എസ്.എസ്.എല്‍.സി. ഫലം വന്നയുടൻ പ്ലസ്‌വണ്‍ പ്രവേശനം നടത്തി അധ്യയനദിനങ്ങള്‍ നഷ്ടമാവാതിരിക്കാൻ വിദ്യാഭ്യാസവകുപ്പ് ശ്രദ്ധിക്കണം.

കുട്ടികള്‍ കൂടുന്നതനുസരിച്ച്‌ സ്കൂളില്‍ ശൗചാലയങ്ങളുടെ എണ്ണംകൂട്ടണം. നാപ്കിൻ വെൻഡിങ് മെഷീനും ഇൻസിനറേറ്റര്‍ മെഷീനും സ്ഥാപിക്കണം. ലഹരിക്കെതിരേ സ്കൂളില്‍ പ്രചോദനപ്രഭാഷണങ്ങള്‍, പരിസ്ഥിതിവിജ്ഞാനത്തിന് ജൈവ ഉദ്യാനങ്ങള്‍ തുടങ്ങിയവയും സമിതി ശുപാര്‍ശചെയ്തു.സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിയില്‍ പാചകച്ചെലവിനുള്ള തുക കേന്ദ്രസര്‍ക്കാര്‍ കൂട്ടിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ ആനുപാതികവര്‍ധന നടപ്പാക്കിയിട്ടില്ലെന്ന് സമിതി വിമര്‍ശിച്ചു.

2022 ഒക്ടോബര്‍ ഒന്നുമുതല്‍ സാധനങ്ങള്‍ക്കുള്ള വില കേന്ദ്രം 9.6 ശതമാനം വര്‍ധിപ്പിച്ചു. ആനുപാതികമായ തുക സംസ്ഥാനത്തും വര്‍ധിപ്പിക്കാൻ സമിതി ആവശ്യപ്പെട്ടു. ഒരു കുട്ടിക്ക് ദിവസം 8.17 രൂപ കൂട്ടാനാണ് കേന്ദ്രതീരുമാനം. 150 വരെ കുട്ടികളുള്ള സ്കൂളുകള്‍ക്കുമാത്രമേ സംസ്ഥാന സര്‍ക്കാര്‍ ദിവസം എട്ടുരൂപ നല്‍കുന്നുള്ളൂ. 151-500 കുട്ടികളുള്ള സ്കൂളിന് ഏഴുരൂപ, 500-ന് മുകളില്‍ ആറുരൂപയുമാണ് നല്‍കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക