പരീക്ഷ കഴിഞ്ഞ് മടങ്ങിയ കോളജ് വിദ്യാര്‍ത്ഥിനി സ്വകാര്യ ബസ്സിടിച്ച് മരിച്ചു. ആലുവ കീഴ്മാട് ഇരുമ്ബനത്ത് വീട്ടില്‍ ജിസ്മിയാണ് (19) മരിച്ചത്. പറവൂര്‍ മാല്യങ്കര എസ്‌എൻഎം കോളജില്‍ പരീക്ഷ എഴുതിയ ശേഷം ബൈക്കില്‍ കയറി മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിടിച്ച് ജിസ്മി തല്‍ക്ഷണം മരിച്ചു. ബൈക്കോടിച്ച ബന്ധുവും സഹപാഠിയുമായ ഇമ്മാനുവല്‍ പരിക്കുകളോട് രക്ഷപ്പെട്ടു.
അയ്യമ്ബിള്ളി റാംസ് കോളജിന്റെ സബ് സെന്ററായ ആര്‍ഇസി സെന്ററിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജിസ്മി. പരീക്ഷാകേന്ദ്രം മാല്യങ്കര കോളജിലായിരുന്നു. പരീക്ഷ എഴുതിയ ശേഷം ഇരുവരും കോളജില്‍ നിന്നിറങ്ങി കോളജ് കവാടത്തിനടുത്തുള്ള ബസ് സ്റ്റോപ്പിനു സമീപം വച്ചിരുന്ന ബൈക്കില്‍ കയറാൻ ഒരുങ്ങുമ്ബോള്‍ മൂത്തകുന്നം ഭാഗത്തുനിന്ന് അതിവേഗത്തില്‍ വന്ന സൗപര്‍ണിക ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ജിസ്മി ബസ്സിന് അടിയിലേക്കാണ് തെറിച്ചുവീണത്. ചക്രം കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. ധരിച്ചിരുന്ന ഹെല്‍മറ്റ് പൊട്ടിത്തകര്‍ന്നു. തെറിച്ചുവീണ ഇമ്മാനുവലിനെ നിസ്സാര പരിക്കുകളോടെ മൂത്തകുന്നം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.