സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. നെയ്യാറ്റിൻകര ചെങ്കല്‍ സ്വദേശിയും കോണ്‍ഗ്രസ് കോടങ്കര വാര്‍ഡ് പ്രസിഡന്റുമായ അബിൻ കോടങ്കരയെ (27) ആണ് സിറ്റി സൈബര്‍ പൊലീസ് അറസ്‍റ്റ് ചെയ്തത്.എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച യുവജന നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ ബിജു, തിരുവനന്തപുരം സ്വദേശി സിന്ധു ജയകുമാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ഫേസ്ബുക്കില്‍ നിന്നുള്ള തങ്ങളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് പരാതി നല്‍കിയത്. ‘കോട്ടയം കുഞ്ഞച്ചൻ’ എന്ന വ്യാജ ഐഡിയില്‍ നിന്നാണു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അബിനാണ് ഇതു തയാറാക്കിയതെന്ന് സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇടതുവനിതാ നേതാക്കള്‍ക്കെതിരെ ഇതേ പ്രൊഫൈലില്‍നിന്നു പ്രചാരണം നടത്തിയിരുന്നതായും സൈബര്‍ പൊലീസ് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞയാഴ്ചയാണ് കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും ലൈംഗീകാതിക്രമത്തിനുള്ള ആഹ്വാനവുമായി പോസ്റ്റുകളിട്ടത്. പൊലീസില്‍ പരാതിപ്പെട്ടുവെന്നറിഞ്ഞിട്ടും ഇയാള്‍ അശ്ലീല പോസ്റ്റുകളിടുന്നത് തുടരുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് പേജ് പൂട്ടിച്ചിരുന്നു.

തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പാറശാലയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക