അധികം കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളത്തിൻറെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. ധന ഉത്തരവാദിത്വ നിയമത്തിന് വിരുദ്ധമാണ് സംസ്ഥാനം മുന്നോട്ടു വച്ചിരിക്കുന്ന ആവശ്യമെന്നാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് സംസ്ഥാനങ്ങൾക്ക് കടമെടുക്കാൻ അവകാശമുള്ളത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത് നാല് ശതമാനമാക്കി ഉയർത്തണമെന്ന് കേരളത്തിൻറെ ആവശ്യമാണ് ഇപ്പോൾ കേന്ദ്ര ധന മന്ത്രാലയം തള്ളിയത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കടമെടുപ്പ് പരിധി നിഷ്കർഷിക്കുന്ന നിയമമാണ് ധന ഉത്തരവാദിത്ത നിയമം. ഇത് പാലിച്ചു മാത്രമേ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും മുന്നോട്ടുപോകാൻ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരിക്കുന്നത്. ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു മാത്രമേ സംസ്ഥാനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയൂ എന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടുകൂടി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാമ്പത്തിക വർഷം ഇനി സംസ്ഥാനത്തിന് അവശേഷിക്കുന്ന കടമെടുപ്പ് പരിധി വെറും 800 കോടി രൂപ മാത്രമാണ്. ദൈനംദിന ചെലവുകൾക്ക് ഉള്ള പണം പോലും സർക്കാരിന്റെ കയ്യിൽ ഇനി അവശേഷിക്കുന്നില്ല. ഓണത്തിന് മുൻപ് തന്നെ കൊണ്ടുവന്ന ട്രഷറി നിയന്ത്രണം കടുപ്പിക്കുക മാത്രമേ സർക്കാരിന് മുന്നിൽ മാർഗ്ഗമുള്ളൂ. പ്രതിമാസ ശമ്പള വിതരണം പോലും അവതാളത്തിൽ ആകാവുന്ന തരത്തിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്.

അവശേഷിക്കുന്ന പ്രതീക്ഷ കേന്ദ്ര പാക്കേജ്

സംസ്ഥാനത്തിന് മുന്നിൽ അവശേഷിക്കുന്ന ഏക പ്രതീക്ഷ കേന്ദ്രത്തിന് പ്രഖ്യാപിക്കാവുന്ന പ്രത്യേക പാക്കേജ് ആണ്. ഇത്തരത്തിൽ കേന്ദ്രം സംസ്ഥാനത്തിനായി ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചില്ലെങ്കിൽ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്തത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് കേരളം നേരിടേണ്ടി വരിക. വികസന പദ്ധതികളും ക്ഷേമ പദ്ധതികളും അടക്കം മുടക്കം നേരിടാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ഓണത്തിന് വന്ന അധിക ചെലവുകൾ ആണ് പ്രതിസന്ധിയുടെ ആഴം ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക