പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണര്‍കാട് യൂത്ത് കോണ്‍ഗ്രസ് -ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനാല്‍ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാഗങ്ങളും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം നീണ്ടു നിന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവര്‍ത്തകര്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ ഇത് നിഷേധിച്ചു. സിപിഎം പാര്‍ട്ടി ഓഫീസിൻ്റെ മുന്നിലായിരുന്നു സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ 3 യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരസ്പരം വീടുകള്‍ ആക്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായി പറയുന്നത്. സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍,വിടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവരും പ്രവര്‍ത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവര്‍ത്തകരമുണ്ട്. ഇവരെ പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവി കാര്‍ത്തികിൻ്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നത് പൊലീസിന് വെല്ലുവിളിയാവുകയാണ്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ സിപിഎം പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബില്‍ പറഞ്ഞു. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. രണ്ടു വശത്തായി ആളുകള്‍ വന്ന് നിറയുന്നത് പ്രദേശത്ത് സംഘര്‍ഷം തുടരാൻ കാരണമായി. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. കേന്ദ്ര സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവിഭാഗങ്ങളോടും പിരിഞ്ഞുപോവാൻ പൊലീസ് പറയുന്നുണ്ടെങ്കിലും ആളുകള്‍ തടിച്ചുകൂടുന്നത് വെല്ലുവിളിയാവുകയാണ്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക