രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പു ശൈലിയിലേക്ക് മാറാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കയാണ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തെ കുറിച്ചു പഠിക്കാൻ ഒരു സമിതിയെയും നിയോഗിച്ചു. ഇതിനിടെ ഈ നീക്കത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി ഇന്ത്യാ മുന്നണിയിലെ പാര്‍ട്ടികള്‍ രംഗത്തുവന്നു കഴിഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വന്നാൽ കേരള സർക്കാർ പിരിച്ചുവിടുമോ എന്ന ചോദ്യവും സംസ്ഥാനത്ത് സജീവമായി ചർച്ച ചെയ്യപ്പെടുന്നു.

ഉയരുന്ന പ്രധാന ചോദ്യങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭരണത്തില്‍ വന്നിട്ട് കേവലം രണ്ടര വര്‍ഷം മാത്രമായ തമിഴ്‌നാട്, കേരള, ബംഗാള്‍ നിയമ സഭകളെ പിരിച്ചു വിടുമോ?

ഈയിടെ തിരഞ്ഞെടുപ്പു നടന്ന് ബിജെപി തിരിച്ചടി നേരിട്ട കര്‍ണാടകയില്‍ എന്തു ചെയ്യും?

ഒന്നിച്ചു തിരഞ്ഞെടുപ്പു നടന്ന ശേഷം, ഒരു സംസ്ഥാനത്ത് ഭൂരിപക്ഷം ഇല്ലെങ്കില്‍, സര്‍ക്കാര്‍ രൂപീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാല്‍ എന്തു ചെയ്യും?

ഒരു സർക്കാർ അവിശ്വാസപ്രമേയത്തിലൂടെ താഴെ വീഴുകയും ഒരു പുതു തിരഞ്ഞെടുപ്പിനുള്ള സാഹചര്യം അത്യന്താപേക്ഷിതമാവുകയും ചെയ്താൽ എന്ത് ചെയ്യും?

പിന്തുടരാൻ പോകുന്നത് രാജ്യസഭാ മോഡൽ?

രാജ്യസഭയിലെ ഒരു അംഗത്തിന്റെ കാലാവധി ആറു വർഷമാണ്. ആറുവർഷം പൂർത്തിയാക്കുന്നതിന് മുന്നേ ആ സീറ്റ് ഒഴിവു വന്നാൽ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും ആറു വർഷത്തിൽ അവശേഷിക്കുന്ന ബാക്കി കാലാവധി മാത്രമേ തിരഞ്ഞെടുക്കപ്പെടുന്ന ആൾക്ക് രാജ്യസഭാ അംഗമായി തുടരാൻ സാധിക്കുകയുള്ളൂ. അതായത് പ്രാഥമികമായി തിരഞ്ഞെടുപ്പ് നടക്കുന്നത് മുതൽ ആറു വർഷം കാലാവധി എന്നുള്ളതിൽ മാറ്റമുണ്ടാകില്ല.

സമാനമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരികയും ഏതെങ്കിലും സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും, കേന്ദ്രത്തിൽ തന്നെയും ഭരണസമിതി പുറത്തുപോകുന്ന സാഹചര്യമുണ്ടാകുകയും ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യം വരികയും ചെയ്താൽ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. പക്ഷേ പുതുതായി ചുമതല നിൽക്കുന്ന അല്ലെങ്കിൽ അധികാരം ഏൽക്കുന്ന സർക്കാരിൻറെ കാലാവധി ആദ്യ പൊതു തിരഞ്ഞെടുപ്പ് മുതൽ അഞ്ചു വർഷത്തേക്ക് മാത്രമായിരിക്കും. അതായത് അഞ്ചു വർഷത്തിൽ അവശേഷിക്കുന്ന ബാക്കി കാലാവധിയിൽ മാത്രമാവും ഇടക്കാല തിരഞ്ഞെടുപ്പിലൂടെ അധികാരം ഏൽക്കുന്ന സർക്കാരിന് തുടരാൻ സാധിക്കുക.

കേന്ദ്രസർക്കാർ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയവുമായി മുന്നോട്ടു പോകുകയാണെങ്കിൽ കാലാവധി പകുതിയിലധികം കഴിഞ്ഞ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളെ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തിരഞ്ഞെടുപ്പ് നടന്ന് ഒരു വർഷത്തിൽ താഴെയായ സംസ്ഥാനങ്ങളിൽ നിലവിലുള്ള സർക്കാരുകൾ തുടരുകയും അഞ്ചുവർഷം പൂർത്തിയാക്കി കഴിയുമ്പോൾ അടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് വരെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്യാനും സാധ്യത നിലനിൽക്കുന്നു.

നിലവിൽ രാജ്യത്തെ നിയമം അനുസരിച്ച് ഒരു അംഗത്തിന്റെ മരണമോ, രാജിയോ, അയോഗ്യതയോ മൂലം നിയമസഭയിലെ ലോകസഭയിലോ സീറ്റ് ഒഴിവ് വന്നാൽ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമാണ് ഉള്ളതെങ്കിൽ ഉപതെരഞ്ഞെടുപ്പ് പോലും നടത്താറില്ല. എന്നാൽ കാലാവധി പൂർത്തിയാകാൻ ഒരു വർഷത്തിനു മുകളിൽ സമയം ഉണ്ടെങ്കിൽ ആറുമാസത്തിനകം തന്നെ ഉപതിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്നും നിയമം നിലനിൽക്കുന്നു. ഈ വ്യവസ്ഥകളിൽ ഒക്കെ മാറ്റങ്ങൾ വരുത്താനുള്ള ഭരണഘടന ഭേദഗതികൾ സർക്കാർ കൊണ്ടുവന്നേക്കാം.

അഭ്യൂഹങ്ങളെ തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

അതേസമയം പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്രസര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു പരാമര്‍ശം.വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനായി വൈകിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയില്ലെന്നു മന്ത്രി വ്യക്തമാക്കി.

‘തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കുമെന്നതും നേരത്തെയാക്കുമെന്നതും മാധ്യമങ്ങളുടെ അനുമാനം മാത്രമാണ്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയത്തെപ്പറ്റി പഠിക്കാനായി സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ അന്തിമമാക്കുന്നതിനു മുൻപ് കമ്മിറ്റി ചര്‍ച്ചകള്‍ നടത്തും. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ കമ്മിറ്റിയില്‍ അധിര്‍ രഞ്ജൻ ചൗധരിയും ഭാഗമാകണമെന്നായിരുന്നു സര്‍ക്കാര്‍ ആഗ്രഹം” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 18നു ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാരിനു വലിയ പദ്ധതികളുണ്ടെന്നു പറഞ്ഞെങ്കിലും എന്താണ് അജൻഡയെന്നു പറയാൻ മന്ത്രി തയാറായില്ല. തന്റെ സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സേവിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

നേരത്തെ ഒരു രാജ്യം ഒരു തിരഞ്ഞടുപ്പ് പരിഷ്‌കാരം പഠിക്കാനുള്ള ഉന്നതതല സമിതിയില്‍ നിന്നും ലോക്സഭയിലെ കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജൻ ചൗധരി പിന്മാറിയിരുന്നു. രാജ്യസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്റുമായ മല്ലികാര്‍ജ്ജുൻ ഖര്‍ഗെയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് ഇത്. ഒറ്റത്തിരഞ്ഞെടുപ്പ് എന്ന നിര്‍ദ്ദേശം പരിശോധിച്ച്‌ ശുപാര്‍ശ സമര്‍പ്പിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി രൂപവത്കരിച്ച ഉന്നതസമിതിയിലെ അംഗങ്ങളുടെ പേരും പരിഗണനാവിഷയങ്ങളും കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക