പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ വിഷമമുണ്ടെന്ന് കുണ്ടറയിലെ പരാതിക്കാരി. എകെ ശശീന്ദ്രന്‍ രാജിവച്ചേക്കില്ലെന്നും മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് എന്‍സിപി നേതാവിനെതിരെ പരാതി നല്‍കിയ യുവതിയുടെ പ്രതികരണം.

മന്ത്രി ശശീന്ദ്രന് ഒപ്പം നില്‍ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിലൂടെ എന്ത് സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചു. മന്ത്രിക്കെതിരെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാളെ മറ്റൊരാള്‍ക്ക് ഇതേപോലെ ഉണ്ടായാലും ഇങ്ങനെയെല്ലാം തന്നെയേ നടക്കു. എന്റെ അവസ്ഥയായിരിക്കും ഇനിയും സ്ത്രീകള്‍ക്ക് നേരിടേണ്ടിവരിക. എന്നിട്ടും സ്ത്രീ ശാക്തീകരണം എന്നാണ് മുഖ്യമന്ത്രി പറയുന്നത് എന്നും യുവതി കുറ്റപ്പെടുത്തി. വിഷയത്തില്‍ എകെ ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവും. മന്ത്രിയുടെ മകളോടാണെങ്കില്‍ അദ്ദേഹം ഇത്തരത്തില്‍ നല്ല നിലയില്‍ തീര്‍ക്കാന്‍ പറയുമോ എന്നും യുവതി ചോദിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍സിപി നേതാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസുമായ ബന്ധപ്പെട്ട് രാഷ്ട്രീയ നീക്കങ്ങളും സജീവമാവുന്നതിനിടെയാണ് പരാതിക്കാരിയുടെ പുതിയ പ്രതികരണം. ഇന്ന് രാവിലെ ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ഇന്നലെ എകെ ശശീന്ദ്രന്‍ ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്.

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന്‍ പ്രതികരിച്ചത്. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

എകെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. രാജിവെക്കേണ്ട തരത്തിലുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും പാര്‍ട്ടി വിലയിരുത്തി. അവെയിലബിള്‍ സെക്രട്ടറിയേറ്റിലാണ് വിലയിരുത്തല്‍. അതേസമയം ശശീന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് പ്രതിപക്ഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക