ജനങ്ങളില്‍ ആശങ്ക വിതച്ചു പാലാ ടൗണിലും പരിസര പ്രദേശത്തും ലഹരിസംഘങ്ങള്‍ ചുവടുറപ്പിക്കുന്നു. നിരവധി യുവസംഘങ്ങളാണ് ലഹരി ഇടപാടുമായി രംഗത്തുള്ളത്. വിദ്യാര്‍ഥികളെയും പെണ്‍കുട്ടികളെയും ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതോടെ ആശങ്കയിലാണ് രക്ഷിതാക്കള്‍. പാലാ ടൗണ്‍, മുണ്ടുപാലം, ആശാനിലയം, പുത്തന്‍പള്ളിക്കുന്ന്, ചിറ്റാര്‍ തുടങ്ങിയ മേഖലകളെല്ലാം ലഹരി സംഘങ്ങള്‍ സജീവമാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ വലയില്‍ വീഴ്ത്താൻ പല തന്ത്രങ്ങളും നടപ്പാക്കുകയാണെന്നു ളാലം പള്ളി ജാഗ്രതാ സമിതി നിരീക്ഷിച്ചു.

ചങ്ങാത്തം ലഹരിയിലേക്ക്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരിക്കടിമകളായ ആണ്‍കുട്ടികളെ ഉപയോഗിച്ചാണ് ഈ സംഘങ്ങള്‍ പെണ്‍കുട്ടികളെയും വീഴ്ത്തുന്നത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റ ഗ്രാം മുതലായ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇത്തരം സംഘങ്ങള്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്നു ചോക്ലേറ്റ്, ഐസ്ക്രീം മുതലായവ സമ്മാനിച്ച്‌ അടുപ്പമുണ്ടാക്കുന്നു.

ലഹരിക്കടിമയായി പഠനംപോലും പാതിവഴിയില്‍ ഉപേക്ഷിച്ചു നടക്കുന്നവരാണ് ഈ ആണ്‍കുട്ടികളില്‍ പലരും. തുടര്‍ന്നു സൗഹൃദം മുതലെടുത്ത് അറിഞ്ഞും അറിയാതെയും ലഹരി നല്‍കി ഇവരെ വലയിലാക്കും. ഏതെങ്കിലും വിധത്തില്‍ അറിഞ്ഞ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇതു ചോദ്യംചെയ്താല്‍ ഫോണ്‍ വിളിച്ചു മാതാപിതാക്കളെപ്പോലും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അടക്കം ഉണ്ടാകുന്നുണ്ട്.

എംഡിഎംഎ പോലുള്ള ന്യൂജെൻ മയക്കുമരുന്നുകളുമായാണ് ഇത്തരം സംഘങ്ങളിലെ യുവാക്കള്‍ നഗരത്തിലേക്കു വരുന്നത്. പാലാ ടൗണിലെ സ്കൂളുകളുടെ പരിസരങ്ങളിലും ഇത്തരം സംഘങ്ങളുടെ സാന്നിധ്യം കാണുന്നുണ്ടെന്ന് ജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളെ ബൈക്കില്‍ കയറ്റി കറക്കവും ഇവരുടെ പതിവാണ്.

പാലാ ടൗണില്‍ ഇത്തരം സംഘങ്ങള്‍ തമ്മിലുള്ള അടിപിടിയും വര്‍ധിച്ചിട്ടുണ്ട്. പാലാ ടൗണ്‍ഹാള്‍ പരിസരം, പഴയ മാര്‍ക്കറ്റ് റോഡ്, പുത്തന്‍പള്ളിക്കുന്ന്-ആശുപത്രി ജംഗ്ഷന്‍ റോഡ്, റിവര്‍വ്യൂ റോഡ്, പാലാ ബൈപാസിന്‍റെ കിഴതടിയൂര്‍-സിവില്‍ സ്റ്റേഷന്‍ റോഡിന്‍റെ വശങ്ങള്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ ഇത്തരം സംഘത്തില്‍പ്പെട്ടവരെ കാണാം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും ജാഗ്രതാസമിതി യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് രാജേഷ് പാറയില്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. ജോസഫ് തടത്തില്‍ ഉദ്ഘാടനംചെയ്തു. ഫാ. മാത്യു വാഴചാരിക്കല്‍, ജാഗ്രതാ സമിതി സെക്രട്ടറി ലിജോ ആനിത്തോട്ടം, തങ്കച്ചന്‍ പെരുമ്ബള്ളില്‍, ടോമി പിണക്കാട്ട്, ബൈജി ആറ്റുകടവില്‍, സണ്ണി കടിയാമറ്റം, ജിബി ഉപ്പൂട്ടില്‍, ജോഫി ഞാവള്ളില്‍, ജസ്റ്റിന്‍ കുര്യന്‍, ജയ്‌സണ്‍ പരുവിലാങ്കല്‍, ജോബി ഉപ്പൂട്ടില്‍, ബിനോയി സെബാസ്റ്റ്യന്‍, ബിനോയി തോമസ്, ജിന്‍സണ്‍ പോള്‍, ജോയി പുളിക്കക്കുന്നേല്‍, സിസ്റ്റര്‍ അര്‍ച്ചന എഫ്സിസി, സൗമ്യ ജയിംസ്, ജോളി വലിയകാപ്പില്‍, സുനിത അറക്കത്താഴത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക