കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറാൻ കാലം അധികം വേണ്ടിവരില്ലെന്ന് ഒരു നിരീക്ഷണമുണ്ട് . കാരണം യുവത ഒട്ടുമുക്കാലും പുറം രാജ്യങ്ങളിലാണ്. അങ്ങനെ നോക്കിയാല്‍ ഭാവിയില്‍ കേരളത്തില്‍ ഏറ്റവും നന്നായി പച്ചപിടിക്കാൻ സാദ്ധ്യതയുള്ള ബിസിനസ് മേഖലയാണ് വൃദ്ധ സദനങ്ങള്‍. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള ഹോമുകള്‍ നാട്ടില്‍ സജീവമായിട്ടുണ്ട്.

നല്‍കുന്ന തുകയ്ക്കനുസരിച്ച്‌ നമ്മുടെ മാതാപിതാക്കളെ അവര്‍ പരിപാലിക്കും. തുക കൂടുന്നതനുസരിച്ച്‌ ‘കരുതലും’ കൂടും. എ.സി മുറിയും ഹോം നഴ്സ് സൗകര്യവും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം ഇത്തരം ഹോമുകളില്‍ ലഭ്യമാക്കും. സ്വന്തം മക്കളെക്കാള്‍ നന്നായി അവര്‍ ഈ വയോജനങ്ങളെ പരിപാലിക്കും. നഗരങ്ങളില്‍ സ്റ്റാര്‍ റേറ്റിംഗിലാണ് ഇത്തരം ഹോമുകളേയും വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ ഇനി പച്ചപിടിക്കാൻ സാധ്യതയുള്ള മറ്റൊരു മേഖല ടൂറിസം ആണ്. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന വിദേശ മലയാളികൾ തന്നെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്ത് പകരും. ഈ തോതിൽ വിദ്യാർത്ഥികളുടെ യുവാക്കളുടെയും പാലായനം തുടർന്നാൽ ഭൂരിപക്ഷം മലയാളികൾക്കും കേരളം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമായി തീരും. മാതാപിതാക്കളെ സന്ദർശിക്കാനോ, അവരുടെ കാലം കഴിഞ്ഞാലും നാട്ടിലുള്ള സ്വത്തു വകകളും മറ്റും കൈകാര്യം ചെയ്യുവാനോ, ക്രയ വിക്രയം ചെയ്യുവാനോ, വിദേശ ജീവിതത്തിന്റെ വേഗത ഇടയ്ക്കൊന്നും മടുപ്പിക്കുമ്പോൾ ഗൃഹാതുരത്വം ഒന്ന് അയവിറക്കാനോ കേരളം അവർ തിരഞ്ഞെടുത്താൽ ടൂറിസം മേഖലയ്ക്ക് അത് വലിയ രീതിയിൽ ഗുണം ചെയ്യും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഐടി മേഖലയിലും മറ്റും ജോലി ചെയ്യാൻ ഇവിടെയെത്തുന്നവർ, സമീപ സംസ്ഥാനങ്ങളായ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തുന്നവർ, കേരളത്തിലെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന വിദേശ സഞ്ചാരികൾ, ആയുർവേദ ചികിത്സ തേടിയെത്തുന്നവർ തുടങ്ങി വിദേശ മലയാളികൾക്ക് അപ്പുറവും കേരളത്തിന് ടൂറിസം സാധ്യതകൾ ഉണ്ട്. എന്നാൽ ഇത്തരം മേഖലയിൽ ജോലി ചെയ്യുവാൻ എത്രത്തോളം മലയാളികളെ ലഭിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം അവർക്ക് എപ്പോഴും താൽപര്യം വിദേശരാജ്യങ്ങളോ, അന്യസംസ്ഥാനങ്ങളോ ഒക്കെ തന്നെയാണ്. അതിനുള്ള കാരണങ്ങളിൽ ഉത്തരവാദിത്വബോധമില്ലാത്ത രാഷ്ട്രീയ നേതൃത്വവും, വികസന മുരടിപ്പും, ജീവിത സാഹചര്യങ്ങൾക്ക് അനുപാതികമല്ലാത്ത വിലക്കയറ്റവും, ജീവിത നിലവാരവും എല്ലാമുൾപ്പെടും.

അങ്ങനെ വരുമ്പോൾ കേരളം വൃദ്ധസദനങ്ങളുടെയും, ചെറുകിട, വൻകിട റിസോർട്ടുകളുടെയും നാടായി മാറും എന്ന് വിലയിരുത്താം. ഈ സാധ്യതകളെക്കുറിച്ച് സംസാരിക്കുമ്പോഴും നശിച്ചുപോയ ഒരുപാട് മേഖലകളും കേരളത്തിൽ ഉണ്ടാവും. അവയുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഒരുപക്ഷേ നമുക്ക് ആളുകളെ ആകർഷിക്കാൻ സാധിക്കും. നശിച്ചു പോയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരമ്പരാഗത കൃഷിയിടങ്ങൾ, വൻകിട തേയില റബ്ബർ തോട്ടങ്ങൾ, കശുവണ്ടി ഫാക്ടറികൾ, പരമ്പരാഗത മത്സ്യ തൊഴിലാളി മേഖല ഇങ്ങനെ ഭരണ വർഗ്ഗത്തിൻറെ കാര്യപ്രാപ്തി ഇല്ലായ്മ കൊണ്ട് നശിച്ചു നാറാണക്കല്ലായി പോയ ഒരുപാട് മേഖലകളുടെയും സംരംഭങ്ങളുടെയും അവശിഷ്ടങ്ങളിലേക്കുള്ള ഒരു കാഴ്ചയും ടൂറിസം സാധ്യതകൾക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക