വാഹനങ്ങളില്‍ ഇന്ധന ചോര്‍ച്ചയ്ക്ക് കാരണമാകുന്ന വണ്ടുകളുടെ പ്രജനന കാലമായതോടെ വാഹന ഉടമകള്‍ ജാഗ്രത പാലക്കേണ്ട സമയമാണ് മുന്നിലെന്ന് വിദഗ്ദ്ധര്‍. മഴ മാറി വെയിലുദിക്കുന്ന സമയത്താണ് ഈ തുരപ്പൻ വണ്ടുകള്‍ പെറ്റുപെരുകുന്നത്. മുൻ വര്‍ഷങ്ങളില്‍ ഇത്തരം സമയത്താണ് ധാരാളം വാഹനങ്ങളില്‍ ഈ കുഞ്ഞൻ വണ്ടുകള്‍ പെട്രോള്‍ പൈപ്പ് തുരന്ന് ഇന്ധനം ഊറ്റിക്കുടിച്ച്‌ അപകടം വിളിച്ചുവരുത്തിയതെന്ന് കരിവെള്ളൂര്‍ ആണൂരില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന കോയ്യോടൻ പവിത്രൻ പറഞ്ഞു.

വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവത്തില്‍ ഈ വണ്ടാണ് വില്ലനാകുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടുമൂലമുള്ള അപകടത്തെക്കാള്‍ കൂടുതലാണ് തുരപ്പൻ വണ്ട് സൃഷ്ടിക്കുന്ന അപകടം. പൈപ്പില്‍ വണ്ടുകള്‍ സൃഷ്ടിക്കുന്ന തുള മനസിലാക്കി കോയ്യോടൻ പവിത്രൻ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വണ്ടുകളെ പിടികൂടി പടന്നക്കാട് കാര്‍ഷിക കോളേജിലെ എന്റമോളജിസ്റ്റ് ഡോ. കെ.എം. ശ്രീകുമാറിന് കൈമാറി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളില്‍ ദിവസവും ഇത്തരം മൂന്നും നാലും കേസുകള്‍ പവിത്രന്റെ വര്‍ക്ക് ഷോപ്പില്‍ എത്താറുണ്ടായിരുന്നു. പ്രശ്നം പ്രതിരോധിക്കാൻ വാഹന നിര്‍മ്മാതാക്കള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാറുകള്‍ക്ക് തീപിടിച്ച്‌ അപകടം വര്‍ദ്ധിക്കുമെന്ന് പവിത്രൻ പറയുന്നു.

നെസ്റ്റസ് മ്യൂട്ടിലാറ്റസ്: നെസ്റ്റസ് മ്യൂട്ടിലാറ്റസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ വണ്ടുകളെ ആകര്‍ഷിക്കുന്നത് പെട്രോളിലെ എഥനോളാണ്. ഇത് കുടിക്കാനായി റബര്‍ കൊണ്ട് നിര്‍മ്മിച്ച ഇന്ധന പമ്ബ് തുരക്കും. അതുവഴി ചോര്‍ച്ചയ്ക്കും തീപിടിത്തത്തിനും കാരണമാകുന്നു. പെട്രോള്‍ വാഹനങ്ങളിലാണ് അപകടങ്ങള്‍ കൂടുതലും. ഈ വണ്ടുകള്‍ക്ക് വായ ഭാഗത്ത് കട്ടികൂടുതലാണ്. മരം, ഹാര്‍ഡ്‌വുഡ്, റബര്‍ എന്നിവയും ചില ലോഹങ്ങളും വരെ ഈ വണ്ടുകള്‍ക്ക് തുരക്കാൻ സാധിക്കും.

പൈപ്പ് മാറ്റാൻ വേണം 3000 രൂപ: ഓരോ വാഹനങ്ങള്‍ക്കും ഈ പൈപ്പ് പലതരത്തിലാണ്. ചില വാഹനങ്ങള്‍ക്ക് ഒറ്റ പൈപ്പാണെങ്കില്‍ ചിലതിന് ആറു കഷ്ണം പൈപ്പുകള്‍ വരെ വേണം. പൈപ്പ് മാറ്റാൻ ചുരുങ്ങിയത് 3000 രൂപവരെ ചെലവാകും. ഇതിനുപുറമെയാണ് വഴിയില്‍ നിന്നുപോയ വാഹനം റിക്കവറി വാഹനത്തിന്റെ സഹായത്തോടെ വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിക്കേണ്ടി വരുന്നതിന്റെ ചെലവ്.വാഹനം നിര്‍ത്തിയിടുമ്ബോള്‍ ചോര്‍ച്ച അറിയില്ലെങ്കിലും ഓടുമ്ബോള്‍ ഈ ചെറു സുഷിരം വഴി ധാരാളം പെട്രോള്‍ ചോരാൻ സാദ്ധതയുണ്ട്. ചൂടുകൂടുന്നതോടെ പെട്രോള്‍ പൈപ്പുകളിലുണ്ടാകുന്ന ചോര്‍ച്ച വാഹനത്തിന് തീപിടിക്കുന്നതിന് കാരണമാകും. തീപിടിത്തത്തിന് പുറമെ പെട്രോള്‍ തീര്‍ന്ന് വണ്ടി പെരുവഴിയിലാവാനും സാദ്ധ്യതയേറെയാണെന്ന് കോയ്യോടൻ പവിത്രൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക